സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കരുതെന്നു സുപ്രീംകോടതി. രഹസ്യഅറകള്‍ തുറന്നപ്പോള്‍ കണ്ട വിസ്‌മയക്കാഴ്‌ച മാധ്യമങ്ങളോടു വിശദീകരിച്ച നിരീക്ഷകന്‍ ജസ്‌റ്റിസ് സി.എസ്. രാജന്റെ നടപടിയില്‍ കോടതി അതൃപ്‌തി അറിയിച്ചു. തുടര്‍ന്ന് ജസ്‌റ്റിസ് രാജനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്നു പരാതിക്കാരനായ ടി.പി. സുന്ദര്‍രാജന്റെ അഭിഭാഷകന്‍ വിപിന്‍നായര്‍ ആവശ്യപ്പെട്ടു. സുന്ദര്‍രാജന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു മുമ്പു ജസ്‌റ്റിസ് രാജനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ക്ഷേത്രത്തിലെ വന്‍നിക്ഷേപത്തെക്കുറിച്ചു സുന്ദര്‍രാജന്റെ അഭിഭാഷകന്‍ അനന്തകൃഷ്‌ണന്‍ ബി.ബി.സിയോട് വിവരിച്ചതിന്റെ തെളിവുകള്‍ തിരുവിതാംകൂര്‍ രാജവംശം കോടതിയില്‍ ഹാജരാക്കിയതോടെ കണക്കെടുപ്പിന്റെ വിവരങ്ങള്‍ പുറത്തുപറയരുതെന്ന നിര്‍ദേശം സുന്ദര്‍രാജനും ബാധകമാണെന്നു കോടതി വ്യക്‌തമാക്കി.
നിധിശേഖരത്തിന്റെ മൂല്യം തിട്ടപ്പെടുത്താനും സംരക്ഷണം ഉറപ്പുവരുത്താനുമായി ചില നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവച്ചു. കണക്കെടുപ്പിന്റെ ഫോട്ടോയും വീഡിയോയും സൂക്ഷിക്കണം. നിധിശേഖരം നിലവറയില്‍ സൂക്ഷിക്കണോ മ്യൂസിയത്തിലേക്കു മാറ്റണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കേണ്ടതാണ്. മ്യൂസിയത്തിലേക്കു മാറ്റുന്നുണ്ടെങ്കില്‍ അവ ഏതെല്ലാമെന്നും ഏതൊക്കെ നിലവറയില്‍ സൂക്ഷിക്കണമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ പട്ടിക തയാറാക്കേണ്ടിവരും. നിധി സംരക്ഷിക്കുന്നതിനായി ക്യുറേറ്ററെ നിയമിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും നാഷണല്‍ റിസര്‍ച്ച് ലാബിന്റെയും സഹായം തേടാം. ഇതിനായി രാജ്യത്തെ ഏറ്റവും മികച്ച ക്യുറേറ്റര്‍മാരുടെ പട്ടിക സമര്‍പ്പിക്കാന്‍ മേല്‍പ്പറഞ്ഞ സ്‌ഥാപനങ്ങളോടു സുപ്രീംകോടതി നിര്‍ദേശിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാനസര്‍ക്കാരിന് ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബത്തിലെ അനന്തരാവകാശിയും ആസ്‌പിന്‍വാള്‍ കമ്പനി ഉടമയുമായ മൂലം തിരുനാള്‍ രാമവര്‍മ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണു ജസ്‌റ്റിസ് ആര്‍.വി. രവീന്ദ്രന്‍, ജസ്‌റ്റിസ് എ.കെ. പട്‌നായിക് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. രാമവര്‍മയുടെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസയച്ചു. രാമവര്‍മയ്‌ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി.പി. റാവു, എം.കെ.എസ്. മേനോന്‍ എന്നിവര്‍ക്ക് പുറമേ ബീനാമാധവന്‍, വി.എസ്. റോബിനും ഹാജരായി. രാജഭരണകാലത്തു ശ്രീപത്മനാഭസ്വാമിയില്‍നിന്നു കടമായാണു രാജാവ് പണമെടുത്തിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 28-നാണ് രാമവര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. ഹൈക്കോടതി വിധിക്കെതിരേ ഉത്രാടം തിരുനാള്‍ സമര്‍പ്പിച്ച ഹര്‍ജി മേയ് രണ്ടിനു പരിഗണിച്ചപ്പോഴാണു നിലവറകള്‍ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
കണക്കെടുപ്പില്‍ പങ്കെടുക്കാന്‍ 90 പിന്നിട്ട ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന പ്രതിനിധിക്കു പങ്കെടുക്കാം. സുപ്രീംകോടതിയുടെ ഉത്തരവില്ലെന്നു ചൂണ്ടിക്കാട്ടി രാജാവിന്റെ പ്രതിനിധിയായ ആദിത്യവര്‍മയെ കണക്കെടുപ്പില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഉത്രാടം തിരുനാളിന്റെ ഹര്‍ജി നാളെ പരിഗണിക്കും. ക്ഷേത്രം ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേ രാമവര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാലു കാര്യങ്ങളാണു വ്യക്‌തമാക്കിയിരിക്കുന്നത്. തൃപ്പടിദാനം നടത്തിയതോടെ സ്വത്തുക്കള്‍ ശ്രീപത്മനാഭന്റേതാണ്. രാജാവ് രക്ഷാധികാരി മാത്രം. രാജഭരണം അവസാനിച്ചതോടെ ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ സര്‍ക്കാരിന് അധീനമാകുന്നില്ല. സ്വത്തുക്കളുടെ യഥാര്‍ഥ അവകാശി ശ്രീപത്മനാഭനാണെന്നിരിക്കേ രാജാവ് മരിക്കുന്നതോടെ ക്ഷേത്രം അവകാശികളില്ലാതെയായി എന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല.
പബ്ലിക് നോട്ടീസ് നല്‍കിയശേഷമേ ക്ഷേത്രം ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാവൂ. തൊണ്ണൂറ്റിരണ്ടാം വകുപ്പിന്റെ ലംഘനമാണു ഹൈക്കോടതി നടത്തിയത്. ഭരണാധികാരി (രാജാവ്) എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ചാണ് ഏറ്റെടുക്കല്‍ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. അതേസമയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍നിന്നു കണ്ടെടുത്ത അമൂല്യസമ്പത്തിനെക്കുറിച്ചു പഠിക്കാന്‍ ഡല്‍ഹിയില്‍നിന്നു വരാനിരുന്ന വിദഗ്‌ധസമിതിയുടെ യാത്ര റദ്ദാക്കി. ക്ഷേത്രത്തിലേക്കു പോകുന്നതിനുള്ള ക്യൂറേറ്റര്‍മാരുടെ പട്ടിക നല്‍കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണു വിദഗ്‌ധസമിതി യാത്ര റദ്ദാക്കിയത്. കോടതി പുറപ്പെടുവിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാകും ഇനി സമിതിയുടെ യാത്ര.
പൗരാണിക സമ്പത്ത് എങ്ങനെ കേടുകൂടാതെ സംരക്ഷിക്കാം എന്നാണു സമിതി പ്രധാനമായും പഠിക്കുക. കാലങ്ങളായി വായുപോലും കടക്കാത്ത നിലവറകളിലാണ് ആഭരണങ്ങളും രത്നങ്ങളുമെല്ലാം സൂക്ഷിച്ചിരുന്നത്. അവ അവിടെനിന്നു മാറ്റുമ്പോള്‍ അന്തരീക്ഷവും മാറും. അതിനാല്‍ 16 ഡിഗ്രി സെന്റിഗ്രേഡിനും 20 ഡിഗ്രി സെന്റിഗ്രേഡിനുമിടയില്‍ അവ ശേഖരിക്കുന്ന മുറികളിലെ ചൂടു ക്രമീകരിക്കണമെന്നു സമിതി അഭിപ്രായപ്പെട്ടു. പൗരാണികമായ വിശദവിവരങ്ങള്‍ സമാഹരിക്കുന്നതിനു ഡോക്യുമെന്റേഷന്‍ ചെയ്യേണ്ടതുണ്ട്. ക്രമക്കേടിനുള്ള സാധ്യത ഒഴിവാക്കാന്‍ ഫിംഗര്‍ പ്രിന്റിംഗ് സംവിധാനവും ഉപയോഗിക്കണം. അതോടൊപ്പം ഭൂകമ്പം, സുനാമി എന്നീ പ്രകൃതിക്ഷോഭങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന മുറികളിലാകണം സമ്പത്ത് സൂക്ഷിക്കേണ്ടത്. ഇതിനെല്ലാം സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും വിലയിരുത്തി.
Comments