കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടിയ വധുവിനെ കാമുകനും കയ്യൊഴിഞ്ഞു: മൊബൈല്‍ പ്രണയത്തിനു വീണ്ടും ഇരകള്‍
സ്വന്തം ലേഖകന്‍

കോട്ടയം:മൊബൈല്‍ ഫോണിലൂടെ പുരോഗമിച്ച പ്രണയത്തിനിടെ കല്യാണം നിശ്ചയിക്കപ്പെട്ട യുവതി അവസാനശ്രമമെന്ന നിലയില്‍ കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി. പ്രശ്‌നപരിഹാരത്തിനായി പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കാമുകനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നായകന്‍ അപ്പോള്‍ പരിധിക്കുപുറത്തായിരുന്നു. കോട്ടയം നഗരത്തില്‍ ഇന്നലെയാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇവിടെ ബലിയാടായതാകട്ടെ ഗള്‍ഫില്‍ നിന്നും ഒരുപാടു സ്വപ്‌നങ്ങളുമായി വിവാഹപന്തലിലെത്തിയ ഒരു യുവ എന്‍ജിനീയറും. വരനെ ഇഷ്ടമല്ലെന്നും വര്‍ഷങ്ങളായി പ്രണയിക്കുന്ന യുവാവുമായി കഴിയാനാണ് താത്പര്യമെന്നും പറഞ്ഞാണ് യുവതി കതിര്‍മണ്ഡപത്തില്‍ നിന്നും റോഡിലേക്ക് ഓടിയത്.
ഇന്നലെ രാവിലെ 11.30 ഓടെ കോടിമത സുമംഗലി കല്യാണ മണ്ഡപത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ഒന്നരമാസം മുമ്പാണ് വിദേശത്ത് ജോലിയുള്ള തിരുവനന്തപുരം സ്വദേശിയുമായി കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വിവാഹം ഉറപ്പിച്ചത്. വിവാഹം നിശ്ചയിച്ച സമയത്ത് എതിര്‍പ്പൊന്നും പറയാതിരുന്ന യുവതി ഇന്നലെ രാവിലെ വിവാഹവസ്ത്രങ്ങളണിഞ്ഞ് കതിര്‍മണ്ഡപത്തിലെത്തി. വരന്‍ താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ ഈ വിവാഹത്തില്‍ താത്പര്യമിലെ്‌ളന്നും ഒരാളെ സ്‌നേഹിക്കുന്നുണ്ടെന്നും അയാളുമായി ജീവിക്കാനാണ് തീരുമാനമെന്നും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ബന്ധുക്കള്‍ പകച്ചുനില്‍ക്കെ, യുവതി മണ്ഡപത്തില്‍ നിന്ന് ഇറങ്ങി എം.സി റോഡിലേക്ക് ഓടുകയും ചെയ്തു.
ഇഷ്ടമില്ലാത്ത 'വധു'വിനെ വേണ്ടെന്നുവച്ച് വരനും കൂട്ടരും അപ്പോള്‍ തന്നെ മടങ്ങി. യുവതിയുടെ രക്ഷിതാക്കളാകട്ടെ, മകളെ ഇനി തങ്ങള്‍ക്ക് വേണ്ടെന്നായി. അപ്പോഴേക്കും ചിങ്ങവനം പൊലീസ് എത്തി. യുവതി നല്‍കിയ മൊബൈല്‍ നമ്പരില്‍ കാമുകനും കഞ്ഞിക്കുഴി സ്വദേശിയുമായ യുവാവുമായി പൊലീസ് ബന്ധപ്പെട്ടു. ഉടന്‍ എത്താമെന്നായിരുന്നു കാമുകന്റെ മറുപടി. കുറെനേരം കാത്തുനിന്നിട്ടും കാമുകനെ കാണാനില്ല. പൊലീസ് വീണ്ടും വിളിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ 'സ്വിച്ചോഫ്' ആയിരുന്നു. തുടര്‍ന്ന് യുവതി നല്കിയ മേല്‍വിലാസത്തില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ യുവാവ് സ്ഥലത്തില്ലെന്നും തൃശൂരിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് യുവതിയുടെ രക്ഷിതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. രക്ഷിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കാമുകനെ കണ്ടുകിട്ടാതെ വലഞ്ഞ പൊലീസ് ഒടുവില്‍ പിതൃസഹോദരനോടൊപ്പം യുവതിയെ പറഞ്ഞയയ്ക്കുകയായിരുന്നു. യുവാവുമായി യുവതി ഹയര്‍സെക്കന്‍ഡറി കാലം മുതല്‍ പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഇരുവരും ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു. പോലീസ് വിലക്കിയെങ്കിലും മൊബൈല്‍ ഫോണ്‍വഴി ഇരുവരും പ്രണയം തുടര്‍ന്നിരുന്നു. പെണ്‍കുട്ടി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതാണ്. 12.30നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വരനും വീട്ടുകാരും രാവിലെ കോട്ടയത്തെത്തി. പെണ്‍കുട്ടിക്ക് ധരിക്കാനുള്ള 'പുടവ' വരന്റെ വീട്ടുകാര്‍ നല്‍കിയപ്പോള്‍ മുതല്‍ പന്തികേടു തുടങ്ങിയിരുന്നു. പെണ്‍കുട്ടി കല്യാണവേഷം ധരിച്ച് മണ്ഡപത്തിലെത്തി. എന്നാല്‍ വധു വരനുമായി കൂടുതല്‍ അകലം പാലിച്ചാണ് ഇരുന്നത്. പെണ്‍കുട്ടി കരയുന്നുമുണ്ടായിരുന്നു. ബന്ധുക്കള്‍ അതൊന്നും കാര്യമാക്കാതെ താലികെട്ടിന് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടങ്ങി.
വരന്‍ താലി ചാര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ വധു ചാടി എഴുന്നേറ്റ് വിവാഹത്തിന് സമ്മതമല്ലെന്ന് പറയുകയായിരുന്നു. ബന്ധുക്കള്‍ പെണ്‍കുട്ടിയെ കതിര്‍മണ്ഡപത്തില്‍ ഇരുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് വരന്റെ സംഘത്തിലുണ്ടായിരുന്നവര്‍ പ്രകോപിതരായി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തര്‍ക്കവും തുടങ്ങി. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെത്തുടര്‍ന്ന് ചിങ്ങവനം അഡീഷണല്‍ എസ്.ഐ. കെ.കെ. പൊന്നപ്പന്റെ നേതൃത്വത്തില്‍ പോലീസെത്തുകയായിരുന്നു. എസ്.എം.എസും മൊബൈല്‍ ഫോണും മൂലം വഴിയാധാരമാകുന്ന സുന്ദരിമാരുടേയും സുന്ദരന്മാരുടേയും നാടായി കേരളം മാറുകയാണോയെന്നാണ് ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.
അടുത്തിടെ എറണാകുളം ജില്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു പറ്റിയ അക്കിടി സ്വന്തം ജീവിതം പോലും തകര്‍ത്തുകഴിഞ്ഞു. മിസ്ഡ് കോളിലൂടെ മീശമുളയ്ക്കാത്ത പയ്യനുമായി അടുത്ത മുപ്പത്തിയാറുകാരിയാണു കഥാനായിക. എസ്എംഎസുകളും ഫോണ്‍കോളുകളും പറന്നപ്പോള്‍ ഭര്‍ത്താവിനെക്കാള്‍ അധ്യാപികയ്ക്ക് അടുപ്പം മീശമുളയ്ക്കാത്ത പയ്യനോടായി. ആരെയുമറിയിക്കാതെ ഗള്‍ഫില്‍നിന്ന് ഒരുനാള്‍ എത്തിയ ഭര്‍ത്താവ് സ്വന്തം വീടിനുമുന്നിലെത്തിയപ്പോള്‍ അടക്കിപ്പിടിച്ച സംസാരം കേട്ടു. എയര്‍ ഹോളിലൂടെ രംഗങ്ങള്‍ വ്യക്തമായി കണ്ട ഭര്‍ത്താവ് പയ്യനും ഭാര്യയ്ക്കും കനത്ത സമ്മാനം നല്‍കിയാണു യാത്രയാക്കിയത്. ഇരുവര്‍ക്കും നാട്ടുകാരുടെ കയ്യില്‍നിന്നു നാട്ടടിയും കിട്ടി. മൊബൈല്‍ ഫോണിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടത്തുന്നതിനു പകരം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഇരയാകുന്ന പെണ്‍കട്ടികളുടെ എണ്ണം ഓരോവര്‍ഷവും ഇരട്ടിക്കുകയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ അറിഞ്ഞും അറിയാതെയും അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മാനം പോകുമെന്നു ഭയന്ന് പലരും പരാതി നല്‍കാറില്ല. അഞ്ചാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി മുതല്‍ കോളജ് കുമാരിയും, അധ്യാപികയും സര്‍ക്കാര്‍ ജീവനക്കാരിയും വീട്ടമ്മയും വരെ മൊബൈലിന്റെ ചതിക്കുഴിയില്‍പ്പെട്ടിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ കസ്റ്റമര്‍മാരെ കയ്യിലെടുക്കാന്‍ ഇവര്‍ പുത്തന്‍ നമ്പരുകള്‍ ഇറക്കുകയാണ്. അറിഞ്ഞും അറിയാതെയും മൊബൈല്‍ കമ്പനിക്കാര്‍ ഒരുക്കുന്ന വലയില്‍പ്പെടുന്നവരുടെ കാര്യം കട്ടപ്പുക.
Comments