Skip to main content

അശുഭയാത്ര; അരക്ഷിതയാത്ര

അരക്ഷിതത്വം നടുറോഡിലും
''ഏഴര മാസം മുമ്പ് ഞാന്‍ ഞാനായിരുന്നു. ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍, ആവിഷ്‌കരിക്കാന്‍, ജീവിക്കാന്‍ എന്റേതായ ഒരിടം ഞാന്‍ കണ്ടെത്തിയിരുന്നു. ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്ന തന്റേടവും ധൈര്യവും ആത്മവിശ്വാസവും ഉപയോഗിച്ചാണ് സ്വന്തം ഇടം ഞാന്‍ കണ്ടെത്തിയത്. എനിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ ആവശ്യം ആ ഇടം ഇല്ലാതാക്കുകയായിരുന്നു. അതിലവര്‍ ജയിച്ചിരിക്കുന്നു. സംഭവിച്ചത് ഒരുതരത്തില്‍ എന്റെ മരണമാണ്...''

ഈ വാചകങ്ങള്‍ പലര്‍ക്കും ഓര്‍മയുണ്ടാകണമെന്നില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതെഴുതിയ കാലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരി പി.ഇ. ഉഷയെ, അവര്‍ നടത്തിയ പോരാട്ടങ്ങളെ അങ്ങനെ മറക്കാനാവില്ല.

1999 ഡിസംബര്‍ 29ന് രാത്രി എട്ടുമണിക്ക് കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍നിന്ന് യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സിലേക്കുള്ള ബസ് യാത്രയാണ് ഉഷയുടെ ജീവിതം മാറ്റിമറിച്ചത്. ബസ് യാത്രക്കാരിലൊരുവന്റെ ലൈംഗികവൈകൃതത്തിന് ഇരയാകേണ്ടിവന്നപ്പോള്‍ അവരതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പുരുഷാധിപത്യസമൂഹത്തില്‍ ആദ്യന്തം അവഹേളനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടും പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന് അവര്‍ പോരാടി. അതേ സമയം, സര്‍വകലാശാലയിലെ ചില സംഘടനകള്‍ ഉഷയ്‌ക്കെതിരെ അപവാദപ്രചാരണവുമായി രംഗത്തെത്തിയത് അവരെ തളര്‍ത്തി. സര്‍വകലാശാലയില്‍ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതി വന്നപ്പോള്‍ അവര്‍ കുറച്ചുകാലം അവധിയില്‍ പ്രവേശിക്കുകയും പിന്നീട് അഗളിയിലെ 'അഹാഡ്‌സി'ലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോവുകയും ചെയ്തു.

തിന്മകള്‍ നിറയുമിടം

മുന്‍കാലങ്ങളെ അപേക്ഷിച്ച് ബസ്സുകളില്‍ സമൂഹവിരുദ്ധരുടെ സാന്നിധ്യം പതിവു സംഭവമാണിന്ന്. അവരോടൊപ്പം ബസ് ജീവനക്കാരിലെ ചെറിയൊരു വിഭാഗംകൂടി ചേരുമ്പോള്‍ ആശങ്ക ഇരട്ടിയാവുന്നു. ബസ് യാത്രകളിലെ ആക്രമണങ്ങള്‍ക്കും കൂടുതല്‍ ഇരയാവുന്നത് സ്ത്രീകള്‍ തന്നെ. ''ശരീരത്തിനോ മനസ്സിനോ പോറലേല്‍ക്കാതെ വീട്ടില്‍ തിരിച്ചെത്താനാവണേ എന്നാണ് ഓരോ ദിവസവും വീട്ടില്‍ നിന്നിറങ്ങുമ്പോഴുള്ള പ്രാര്‍ഥന'' എന്ന് കോട്ടയത്തെ പ്രമുഖ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരിയായ നിലീന പറയുന്നു. പതിനെട്ട് കിലോമീറ്റര്‍ നീളുന്ന ബസ് യാത്രയിലെ തിക്താനുഭവങ്ങളുടെ നീണ്ട പട്ടികയുണ്ട് അവര്‍ക്ക് ഓര്‍ത്തെടുക്കാന്‍. പകലെല്ലാം മാന്യത നടിക്കുന്ന പുരുഷസമൂഹം ഇരുട്ടുപരക്കുന്നതോടെ കീഴ്‌മേല്‍ മറിയുന്നതെന്തേയെന്ന് എത്ര ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലാക്കാനായിട്ടില്ല. ബസ് സ്റ്റാന്‍ഡുകളും മാഫിയ വിളയാട്ടംമൂലം ഒട്ടും സുരക്ഷിതമല്ലാതായിട്ടുണ്ട്. ഇരുട്ടുവീണാല്‍ സ്ത്രീകള്‍ക്ക് തനിച്ച് അല്പനേരമെങ്കിലും നില്‍ക്കാന്‍ കഴിയുന്ന അന്തരീക്ഷം പല ബസ്സ്റ്റാന്‍ഡുകളിലുമില്ല.

ബസ് യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന അക്രമങ്ങള്‍ യാദൃച്ഛികമല്ലെന്നും ആസൂത്രിതമായി നടക്കുന്നതാണെന്നും 'അന്വേഷി'എന്ന സംഘടന കോഴിക്കോട്ട് നടത്തിയ സുരക്ഷിതയാത്രാ ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു. ശില്പശാലയില്‍ പങ്കെടുത്ത ബസ് കണ്ടക്ടര്‍മാരാണ് ഈ അഭിപ്രായം ഉന്നയിച്ചത്. സ്ത്രീകളെ ശല്യം ചെയ്യാന്‍ തയ്യാറെടുത്തു വരുന്ന വിവിധ പ്രായക്കാരെ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ ദീര്‍ഘനാളത്തെ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ''ഒറ്റയ്ക്ക് ബസ്സില്‍ കയറുന്നവരും സംഘം ചേര്‍ന്ന് വരുന്നവരുമായ ശല്യക്കാരുണ്ട്. തിരക്കേറിയ ബസ്സുകളാണ് ഇവരുടെ ലക്ഷ്യം''- മറ്റൊരു കണ്ടക്ടര്‍ പറയുന്നു.

ബസ്സില്‍ അനിഷ്ട സംഭവങ്ങളുണ്ടായാലും ജീവനക്കാര്‍ അതില്‍ ഇടപെടാറില്ലെന്ന് പരാതിയുണ്ട്. ബസ്സിനകത്ത് എന്തു നടന്നാലും വേണ്ടില്ല, തങ്ങളുടെ ട്രിപ്പ് മുടങ്ങരുതെന്ന ചിന്താഗതിയാണ് ഇക്കൂട്ടര്‍ക്ക്. എന്നാല്‍, ഈ ആരോപണത്തെ ഒരു സ്വകാര്യ ബസ് കണ്ടക്ടര്‍ ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്. ''അത്തരമൊരു ഉദാസീനത ബസ്സുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പീഡനത്തിനോ പീഡനശ്രമത്തിനോ ഇരയാവുന്നവര്‍ തന്നെ അടുത്ത നിമിഷം പിന്മാറുന്നതാണ് പ്രശ്‌നമാവുന്നത്. പ്രതിയെ കൈയോടെ പിടിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും പരാതി എഴുതിക്കൊടുക്കാന്‍ സ്ത്രീകള്‍ തയ്യാറാകാത്തതിനാല്‍ അവര്‍ അനായാസം തലയൂരിയ എത്രയോ സംഭവങ്ങളുണ്ട്.''

ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സമൂഹം ഇരകളുടെ പക്ഷം പിടിക്കാത്തതും കുറ്റകരമായ മൗനം പുലര്‍ത്തുന്നതുമാണ് മറ്റൊരു പ്രശ്‌നം. സ്ത്രീകള്‍ക്കെതിരായ ഉപദ്രവങ്ങള്‍ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നവര്‍ ധാരാളമുണ്ട്. പ്രതികരിക്കേണ്ടെന്ന തോന്നലോ പ്രതികരിക്കാനുള്ള ധൈര്യക്കുറവോ ആണ് ഈ നിലപാടിന് പിന്നില്‍. സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ താക്കീതുചെയ്ത അമ്പത്തിരണ്ടുകാരിയെ കോഴിക്കോട് ബാലുശ്ശേരി സ്റ്റാന്‍ഡില്‍ പ്രതി മുഖത്തടിച്ചത് ഈയിടെയാണ്.

പീഡനശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്താനും അത്തരം സംഭവങ്ങളില്‍ പ്രതികരിക്കാനും ഭൂരിപക്ഷം സ്ത്രീകളും വിമുഖത കാട്ടുകയാണ്. സമൂഹത്തിനു മുന്നില്‍ താനൊരു മോശക്കാരിയാവുമോ എന്ന ആശങ്കയും ഇതിനു പിന്നിലുണ്ട്. മാനാഭിമാനങ്ങള്‍ വ്രണപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ നിന്നുപോലും പിന്തുണ കിട്ടാറില്ലെന്നതാണ് വാസ്തവം. പീഡനശ്രമം അസഹ്യമായപ്പോള്‍ ചങ്ങലവലിച്ച് വണ്ടി നിര്‍ത്തിയ നിലമ്പൂര്‍ സ്വദേശിനിയായ അധ്യാപികയ്‌ക്കെതിരെ പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്യുകയാണുണ്ടായത്. ബോഗിയിലെ യാത്രക്കാരില്‍ ഒരാളൊഴികെ മറ്റെല്ലാവരും അവരെ കുറ്റപ്പെടുത്തി.

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസ്സുകളിലും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകളിലുമാണ് സ്ത്രീകള്‍ക്കെതിരായ ശല്യങ്ങള്‍ കൂടുതല്‍. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഭീഷണിയേറുക. ഇത്തരമൊരു ആനക്രമണ ശ്രമത്തെ ധീരമായി നേരിട്ട പെരുമ്പാവൂര്‍ സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയുടെ നടപടി ശ്രദ്ധേയമാണ്. ഹൃദ്രോഗിയായ അച്ഛന്റെ ചികിത്സയ്ക്കായി ശമ്പളം വാങ്ങാന്‍ തിരുവനന്തപുരത്തെ ജോലിസ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ പോവുകയായിരുന്നു യുവതി. ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന അവരുടെ പുറത്ത് കുറവിലങ്ങാട്ടുവെച്ച് ആരോ സ്പര്‍ശിച്ചു. അത് കൂടുതല്‍ ഭാഗത്തേക്ക് വ്യാപിച്ചതും യുവതി എഴുന്നേറ്റു ആ കൈ പിടിച്ചു തിരിക്കുകയും അടുത്ത ക്ഷണം ചെരിപ്പൂരി യാത്രക്കാരനെ തലങ്ങും വിലങ്ങും തല്ലുകയും ചെയ്തു. അടികൊണ്ട് അക്രമി സീറ്റിലേക്ക് വീണു.

പരാതിക്കാരിയുടെ ധൈര്യക്കുറവുകൊണ്ട് പ്രതി രക്ഷപ്പെട്ട സംഭവം രണ്ടുമാസം മുമ്പ് ആലപ്പുഴയിലുണ്ടായി. ഹയര്‍സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡില്‍വെച്ച് ഒരാള്‍ അശ്ലീലചേഷ്ടകള്‍ കാട്ടി, ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ അയാളെ പിടികൂടി പോലീസ്‌സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, വിദ്യാര്‍ഥിനി പരാതി നല്‍കാത്തതിനാല്‍ പോലീസിന് അയാളെ വിട്ടയയ്‌ക്കേണ്ടിവന്നു. ജനവരിയില്‍ എടത്വായിലും കാരിച്ചാല്‍ സ്വദേശിനിയായ ബസ്‌യാത്രക്കാരിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ യാത്രക്കാരനെ അറസ്റ്റുചെയ്തിരുന്നു.

ബസ്സുകളില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്നാണ് ശല്യം നേരിടേണ്ടിവരുന്നത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ മല്ലപ്പള്ളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ പുറത്തിടിച്ച് വീഴ്ത്തിയതിന് മുപ്പത്തെട്ടുകാരന്‍ അറസ്റ്റിലായത് ഈ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയ അതേ ദിവസമാണ്. വനിതാ കണ്ടക്ടര്‍മാരുള്ള ബസ്സുകള്‍ തേടിപ്പിടിച്ച് കയറി, അനാവശ്യമായി തട്ടുകയും മുട്ടുകയും ചെയ്തും അസഭ്യം പറഞ്ഞും പ്രശ്‌നമുണ്ടാക്കുന്നവരെക്കുറിച്ചുള്ള പരാതികള്‍ ഏറെയാണ്. ഇതുപോലുള്ള ഘട്ടങ്ങളില്‍ അതേ വണ്ടിയിലെ പുരുഷ ഡ്രൈവര്‍മാര്‍ പോലും സഹായത്തിനെത്തുന്നത് അപൂര്‍വമാണത്രെ! യാത്രക്കാരുടെ പെരുമാറ്റം സഹിക്കവയ്യാതെ കണ്ടക്ടര്‍ ജോലി ഇട്ടെറിഞ്ഞു പോയവരും മറ്റെന്തെങ്കിലും പണി കിട്ടുംവരെ എല്ലാം സഹിച്ച് കാക്കിക്കുള്ളില്‍ കഴിയുന്നവരും കുറവല്ല.

ബസ് യാത്രകള്‍ അസ്വസ്ഥമാക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ജീവനക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയും സ്ഥിരം യാത്രക്കാരനുമായ യു.വി.മജീദ് പറയുന്നു. സ്വകാര്യബസ്സുകളുടെ മരണപ്പാച്ചിലിനിടെ സമയക്രമത്തെച്ചൊല്ലി ജീവനക്കാര്‍ ബസ്സ്റ്റാന്‍ഡിലും പെരുവഴിയിലും വെച്ച് ക്രിമിനലുകളെപ്പോലെ ഏറ്റുമുട്ടുന്നതാണ് അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ഥിനികളടക്കമുള്ള യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും അപാകങ്ങള്‍ ഏറെയാണ്.

ഇടുക്കി ജില്ലയില്‍ രണ്ടുമാസം മുമ്പുണ്ടായ സംഭവം ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്. കട്ടപ്പനയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത് കണ്ടക്ടറും ഡ്രൈവറുമാണ്. പോലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരിയായ സ്ത്രീ വൈകിട്ട് നാലരയോടെ കയറിയപ്പോള്‍ ബസ്സില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ബസ് നീങ്ങീയതും കണ്ടക്ടര്‍ അവരോട് അപമര്യാദയായി പെരുമാറി. സ്ത്രീ ബഹളം വെച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബസ് നിന്നപ്പോള്‍ അവര്‍ ഇറങ്ങി ഓടി ഇടുക്കി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സംഘം ബസ്സിനെ പിന്തുടര്‍ന്ന് ജീവനക്കാരെ അറസ്റ്റുചെയ്യുകയായിരുന്നു. അധികം വൈകാതെ കണ്ടക്ടര്‍ സസ്‌പെന്‍ഷനിലുമായി.

യാത്രക്കൂലിയുടെ ബാക്കി ചോദിച്ച സ്ത്രീയെ പെണ്‍മക്കളുടെയും യാത്രക്കാരുടെയും മുന്നില്‍ വെച്ച് സ്വകാര്യബസ്സിലെ കണ്ടക്ടര്‍ തല്ലി. കാക്കനാട്-ചോറ്റാനിക്കര ബസ്സിലെ കണ്ടക്ടര്‍ ഈ അതിക്രമത്തിനു ശേഷം നാടുവിട്ടെങ്കിലും പോലീസ് പിടിയിലായി. മധ്യതിരുവിതാംകൂറില്‍ നിന്ന് വടക്കേ മലബാറിലെ പാണത്തൂരിലേക്ക് രാത്രികാല സര്‍വീസ് നടത്തിയ സ്വകാര്യബസ്സിലെ ജീവനക്കാര്‍ യാത്രക്കാരിയോട് മര്യാദ വിട്ട് പെരുമാറിയത് ഏതാനും വര്‍ഷം മുമ്പാണ്. ഓടുന്ന ബസ്സില്‍ നിന്ന് രണ്ടും കല്പിച്ച് ചാടിയാണ് അന്നവര്‍ രക്ഷപ്പെട്ടത്. 'കിളികളെ'ന്ന് ഓമനപ്പേരുള്ള ക്ലീനര്‍മാരുടെ ഉപദ്രവങ്ങളെക്കുറിച്ചും കോഴിക്കോട്ടും എറണാകുളത്തുമൊക്കെ പരാതികളേറെയുണ്ട്. ബസ് കണ്ടക്ടര്‍മാരുടെ പെരുമാറ്റ ദൂഷ്യം സംബന്ധിച്ച് പരാതികള്‍ പെരുകിയ സാഹചര്യത്തിലാണ് അവര്‍ക്ക് 'നെയിംപ്ലേറ്റ്' നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ മോട്ടോര്‍ വാഹനവകുപ്പ് ഈ വര്‍ഷം മാര്‍ച്ച് 25 ന് വിജ്ഞാപനമിറക്കിയത്. പരാതിക്കാര്‍ക്ക് ആളെ തിരിച്ചറിഞ്ഞ് പരാതിപ്പെടാനാവുകയാണ് ഇതിന്റെ ലക്ഷ്യം.

സ്വകാര്യ ബസ്സുകളില്‍ സ്ത്രീകള്‍ക്കും ശാരീരിക പ്രയാസമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കുന്നതിനെച്ചൊല്ലി വാക്കേറ്റമുണ്ടാവാറുണ്ട്. നിശ്ചിതശതമാനം സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിബന്ധന സ്വകാര്യ ബസ്സുകാര്‍ മിക്കവാറും പാലിക്കാറില്ല. പേരിനു മാത്രം സംവരണം ചെയ്ത സ്ത്രീ സീറ്റുകള്‍ കൈയടക്കുന്ന പുരുഷന്മാരെ തടയാനും ജീവനക്കാര്‍ തയ്യാറാവുന്നത് വിരളമാണ്. കണ്ണൂരില്‍ നിന്നു കൊട്ടിയൂരിലേക്ക് പോയ സ്വകാര്യ ബസ്സില്‍ ഒരുവയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കയറിയ സ്ത്രീ, വനിതാ സീറ്റ് ഒഴിച്ചുതരാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടു. 'അതിലിരിക്കുന്നത് ദീര്‍ഘ ദൂര ടിക്കറ്റെടുത്തയാളാണ്. എഴുന്നേല്പിക്കാനാവില്ലെ'ന്ന മറുപടിയാണ് കണ്ടക്ടറില്‍ നിന്നുണ്ടായത്.

ബസ് യാത്ര സുരക്ഷിതമാക്കാന്‍ ചില നിര്‍ദേശങ്ങള്‍ 'അന്വേഷി'യുടെ ശില്പശാലയില്‍ ഉണ്ടായി. യാത്രക്കാരും ജീവനക്കാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളടങ്ങിയ ഏകോപനസമിതി, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ പോലീസിനെ നേരിട്ടറിയിക്കാനുള്ള സംവിധാനം, പ്രധാന ജങ്ഷനുകളില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് തുടങ്ങിയവയാണ് അതില്‍ പ്രധാനം.

'ഓട്ടോ വാണിഭ'വും മറ്റും

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിസ്ഥാനത്തുവരുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണമെന്ത്? അവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കൂടിവരുന്നതു തന്നെയാണ് കാരണമെന്ന് പോലീസധികൃതര്‍ പറയുന്നു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, സ്ത്രീ യാത്രക്കാരെ ഉപദ്രവിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയവയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതികളായ കേസുകളില്‍ കൂടുതലും. 'നല്ല ജനസേവകര്‍' എന്ന് പേരുകേട്ട കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍പ്പോലും ഇത്തരം ജീര്‍ണതകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും ഇത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ രംഗത്തുവരുന്നത് ഭൂരിപക്ഷം വരുന്ന നല്ലവരായ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെയാണെന്നത് ആശ്വാസകരമാണ്.

തലസ്ഥാന നഗരിയിലും മറ്റു പ്രധാന നഗരങ്ങളിലും പെരുമാറ്റ ദൂഷ്യമുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ഷം പ്രതി വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നീക്കം അധികൃതര്‍ ഒരു ജില്ലയില്‍ നടപ്പാക്കാന്‍ നോക്കിയത് ഈ സാഹചര്യത്തിലാണ്. പദ്ധതി അന്ത്യഘട്ടത്തിലേക്കടുത്തപ്പോള്‍ സംഘടനാ നേതാക്കള്‍ ഒറ്റക്കെട്ടായി അതിന് ഇടങ്കോലിട്ടു. തങ്ങള്‍ നല്‍കുന്ന പട്ടിക പ്രകാരം കാര്‍ഡ് നല്‍കിയാല്‍ മതിയെന്ന് അവര്‍ വാശിപിടിച്ചതോടെ പദ്ധതി സ്തംഭിച്ചു.

അതേ നഗരത്തില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാരും പോലീസും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകളും പുറത്തുവന്നിട്ടുണ്ട്. ക്രിമിനലുകളെപ്പോലെ പെരുമാറുന്ന പല ഡ്രൈവര്‍മാരും സ്ഥലത്തെ പോലീസുകാരുടെ ബിനാമികളാണ്. പ്രശ്‌നം സൃഷ്ടിക്കുന്ന ഓട്ടോകളുടെ ഉടമയെത്തേടിയുള്ള അന്വേഷണം പലപ്പോഴുംഎത്തിച്ചേരുക പോലീസുകാരിലായിരിക്കും. അമിത യാത്രക്കൂലി വാങ്ങിയ ഡ്രൈവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ സ്റ്റേഷനിലെത്തിയ യാത്രക്കാരന്‍ കാണുന്നത് അവിടെ പോലീസ് മേധാവിയുമായി കുശലം പറഞ്ഞിരിക്കുന്ന ഓട്ടോ ഡ്രൈവറെയാണ്!

കണ്ണൂര്‍ നഗരത്തില്‍ നിന്നും പുറത്തുവന്ന 'ഓട്ടോ പെണ്‍വാണിഭ' വാര്‍ത്തകള്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. രാത്രി സര്‍വീസ് നടത്തിയിരുന്ന ചില ഓട്ടോകളെ ചുറ്റിപ്പറ്റിയാണ് ഈ വാണിഭം നടന്നത്. ഇടവഴികളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ പിന്‍സീറ്റില്‍ സ്ത്രീ പുരുഷന്മാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ഡ്രൈവര്‍ ചെയ്യുന്നത്. സീറ്റിന്റെ വശങ്ങള്‍ ഷട്ടറിട്ട് അടയ്ക്കുന്നതിനാല്‍ അകത്തു നടക്കുന്നതൊന്നും പുറംലോകം അറിയുകയുമില്ല. മണിക്കൂര്‍ കണക്കിലാണ് പ്രതിഫലം ഈടാക്കിവന്നത്. കൂത്തുപറമ്പില്‍, റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറും രണ്ടു യുവതികളുമടക്കം അഞ്ചുപേരെ അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റുചെയ്തിരുന്നു. ശ്രീകണ്ഠാപുരത്താകട്ടെ, പതിനാറുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുടുങ്ങിയത് ഡ്രൈവറും മറ്റൊരാളുമാണ്.

യാത്രക്കൂലിയെച്ചൊല്ലി വഴക്കിട്ട യാത്രക്കാരനെ ഓട്ടോ ഡ്രൈവറും സഹായിയും വീട്ടില്‍ക്കയറി തല്ലിയതിന് മലപ്പുറം ജില്ലയില്‍ കേസെടുത്തിട്ടുണ്ട്. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ നാല്പതുകാരനെ ലോഡ്ജ് കാണിച്ചുതരാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി അയ്യായിരം രൂപയും മൊബൈലും വാച്ചും കവര്‍ന്നതിന് ഇരുപത്തഞ്ചുകാരനായ ഡ്രൈവറും കൂട്ടാളികളും അറസ്റ്റിലായി. ഒരു വര്‍ഷം മുമ്പ് കുന്ദമംഗലത്ത് ബസ്സിറങ്ങിയ വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഓട്ടോയില്‍ നിന്നും ചാടിയ വിദ്യാര്‍ഥിനിയെ അതിലെ വന്ന നല്ലവനായ മറ്റൊരു ഓട്ടോ ഡ്രൈവറാണ് രക്ഷിച്ച് വീട്ടിലെത്തിച്ചത്. കോഴിക്കോട് യാചകിയായ പെണ്‍കുട്ടിയെ ഓട്ടോയില്‍ പിടിച്ചുകയറ്റി ക്രൂരമായി മാനഭംഗപ്പെടുത്തി, ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ച കേസിലും കുടുങ്ങിയത് ഓട്ടോ ഡ്രൈവറും കൂട്ടാളികളുമാണ്.

ടാക്‌സികാറുകളും ടാക്‌സി ജീപ്പുകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടാവുന്നുണ്ടെങ്കിലും അവ താരതമ്യേന കുറവാണ്. സമൂഹവിരുദ്ധര്‍ ഓട്ടം വിളിച്ച്, വിജനമായ സ്ഥലത്തെത്തുമ്പോള്‍ ഡ്രൈവറെ കൊന്ന്, കാറ് തട്ടിയെടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലം വരെ കേട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍മാര്‍ തന്നെ സുരക്ഷാ നടപടികള്‍ കൈക്കൊണ്ടതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് എറണാകുളം ജില്ലയിലെ ടാക്‌സി ഡ്രൈവറായ സത്യകുമാര്‍ പറയുന്നു.

ഭീതിയൊഴിയാതെ നിരത്തുകളും

വാഹനങ്ങളില്‍ കയറിയില്ലെങ്കിലും സാധാരണക്കാരന്റെ ജീവിതം അത്ര സുരക്ഷിതമല്ലെന്നു തോന്നിക്കുന്ന ചില വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകല്‍ പോലും നിരത്തുകളില്‍ അക്രമികള്‍ വിളയാടുകയാണ്. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിനടുത്ത് തിരുവനന്തപുരത്തേക്കുള്ള ബസ് കാത്തുനിന്ന യുവാവിനെയും ഭാര്യയെയും ഭാര്യാസഹോദരിയെയും രാത്രി പത്തരയോടെ കാറിലെത്തിയ മദ്യപസംഘം ആക്രമിച്ചു. യുവാവിനെ അടിച്ചുവീഴ്ത്തി യുവതികളെ കാറില്‍ക്കയറ്റിക്കൊണ്ടുപോകാനുള്ള അക്രമികളുടെ ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി. പിന്നീടവര്‍ പോലീസിന്റെ വലയില്‍ കുടുങ്ങി. അതുപോലെ, മദ്യപിച്ച് കാറിലെത്തിയ മൂന്നംഗ സംഘം കാളികാവില്‍ സ്ത്രീകളടക്കം യാത്ര ചെയ്ത കാറിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് അവരെ മര്‍ദിച്ചു.

പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരിക്കടുത്തുവെച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാരെ അക്രമിസംഘം മര്‍ദിച്ചു. വഴിയരികില്‍ നിന്നിരുന്ന സംഘം ഭര്‍ത്താവിനെ അടിച്ചവശനാക്കിയശേഷം സ്ത്രീയുടെ നേരെ തിരിയുകയായിരുന്നു. കൊല്ലത്ത് ബൈക്കില്‍ സഞ്ചരിച്ച യുവാവിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 2.33 ലക്ഷം രൂപയും തൃശ്ശൂരില്‍ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒന്നേകാല്‍ കിലോ സ്വര്‍ണവും അക്രമികള്‍ തട്ടിയെടുത്തത് ഈയിടെയാണ്.

വാഹനങ്ങള്‍ക്കകത്തും പുറത്തും നിരത്തിലും വരെ ദിനംപ്രതി വ്യാപകമാകുന്ന ചതികളെക്കുറിച്ച് ഓരോ യാത്രക്കാരനും പരമാവധി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണിത് വ്യക്തമാക്കുന്നത്.

പറയാനുണ്ട്

വി.എസ്.ശിവകുമാര്‍ സംസ്ഥാന ഗതാഗതമന്ത്രി

* റോഡ് യാത്ര സുരക്ഷിതമാക്കാന്‍
എന്തെല്ലാം നടപടികള്‍ മനസ്സിലുണ്ട്?
ബസ്സിലും ഓട്ടോറിക്ഷയിലുമെല്ലാം സ്ത്രീകള്‍ക്കുനേരേ ആക്രമണങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ ഗതാഗതവകുപ്പ് 'സേഫ് വുമണ്‍ സേഫ് ട്രാവല്‍' എന്നൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുന്നുണ്ട്. യു.ഡി.എഫ്. സര്‍ക്കാറിന്റെ നൂറു ദിവസ കര്‍മപദ്ധതിയില്‍ ഇതും ഉള്‍പ്പെടുത്തും. ബസ്സുകളിലും ബസ്സ്റ്റാന്‍ഡുകളിലും സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്, എറണാകുളം, നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡുകളില്‍ തുടങ്ങും.

മദ്യത്തിന്റെ അമിതോപഭോഗം വാഹനാപകടങ്ങള്‍ക്കും വാഹനങ്ങളിലെ ക്രമസമാധാനത്തകര്‍ച്ചയ്ക്കും കാരണമാകുന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള ആല്‍ക്കോമീറ്റര്‍ വാങ്ങാന്‍ പോലീസിന് ഫണ്ട് അനുവദിക്കും.


'ശുഭയാത്ര'യ്ക്ക് ചില സൂത്രവാക്യങ്ങള്‍

യാത്രകളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും കരകയറാനാവും. അധികൃതരുടെയും യാത്രക്കാരുടെയും ആത്മാര്‍ഥമായ സഹകരണം ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകണമെന്നു മാത്രം. ഈ പ്രശ്‌നത്തിന്റെ സഫലമായ പൂര്‍ത്തീകരണത്തിന് വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളെ ഇങ്ങനെ ക്രമീകരിക്കാം.
റെയില്‍വേ ചെയ്യേണ്ടത്

1. ആര്‍.പി.എഫ്. ജീവനക്കാരുടെ അംഗബലം ആവശ്യമനുസരിച്ച് കൂട്ടുക. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുക.
2. ചെലവു ചുരുക്കല്‍ പദ്ധതിയില്‍ നിന്ന് സുരക്ഷാ വിഭാഗങ്ങളെ ഒഴിവാക്കുക.
3. ആവശ്യത്തിന് ടി.ടി.ഇ.മാരെയും ടിക്കറ്റ് പരിശോധനാ സ്‌ക്വാഡുകളെയും നിയോഗിക്കുക.
4. ആവശ്യത്തിന് ഗവണ്‍മെന്റ് റെയില്‍വേ പോലീസുകാരെ (ജി.ആര്‍.പി.) സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുക. അവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ വൈകാതെ ലഭ്യമാക്കുക.
5. ആര്‍.പി.എഫിനും ജി.ആര്‍.പി.ക്കുമിടയില്‍ സൗഹൃദം ശക്തിപ്പെടുത്തുക.
6.അനധികൃത കച്ചവടക്കാരും യാചകരും തീവണ്ടികളില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കുക.
7.തീവണ്ടികളിലെ മദ്യപാനവും പുകവലിയും കര്‍ശനമായി വിലക്കുക.
8.സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സമഗ്രപാക്കേജ് നടപ്പാക്കുക. സ്ത്രീപീഡനം പോലുള്ള കുറ്റകൃത്യങ്ങളെ ജാമ്യമില്ലാത്ത വകുപ്പില്‍പ്പെടുത്തുക.
9.റെയില്‍വേ അലര്‍ട്ട് നമ്പര്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കകത്തും പുറത്തും പ്രാധാന്യത്തോടെ എഴുതിവെക്കുകയും അതേക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുക.
10.പ്രകടമായ കുറ്റകൃത്യങ്ങളില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം പോലീസിന് നല്‍കുക.
11.കമ്പാര്‍ട്ടുമെന്റിന്റെ വാതിലുകളും ടോയ്‌ലറ്റും നവീകരിക്കുക.
12.എല്ലാ സ്റ്റേഷനുകളിലും പ്രഥമശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍, പ്രധാന സ്റ്റേഷനുകളില്‍ ട്രോമാ കെയര്‍ യൂണിറ്റടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക.
13.നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുക.
14.യാത്രാസുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സ്റ്റേഷന്‍ പരിസരത്തും തീവണ്ടിയിലും പ്രചരിപ്പിക്കുക.
15.കുറ്റവാളികളെ കണ്ടെത്താനും പിടികൂടാനുമെന്നപോലെ കേസെടുക്കാനുള്ള അധികാരവും ആര്‍.പി.എഫിന് നല്‍കി നിയമം ഭേദഗതി ചെയ്യുക.
16.നിയമലംഘകരായ റെയില്‍വേ ജീവനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടിയെടുക്കുക.
17.തീവണ്ടിയിലെ ചീട്ടുകളിയും മറ്റു ചൂതാട്ടങ്ങളും അവസാനിപ്പിക്കുക.

സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ടത്

1.വനിതകളടക്കമുള്ള ഗവണ്മെന്റ് റെയില്‍വേ പോലീസിന്റെ അംഗബലം കൂട്ടുക.
2.ജില്ലയില്‍ ചുരുങ്ങിയത് രണ്ടു സ്റ്റേഷനുകള്‍ എന്ന നിലയില്‍ റെയില്‍വേ പോലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുക.
3.ആര്‍.പി.എഫും റെയില്‍വേ പോലീസും തമ്മില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുക.
4.റെയില്‍വേ പോലീസിന് നല്‍കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുക.
5.സമൂഹവിരുദ്ധര്‍ സ്റ്റേഷന്‍ പരിസരത്തും തീവണ്ടികളിലും ഇല്ലെന്ന് ഉറപ്പുവരുത്തുക.
6.ബസ്സുകളില്‍ കണ്ടക്ടര്‍മാര്‍ക്കെന്നപോലെ ഡ്രൈവര്‍,ക്ലീനര്‍, ഓട്ടോയിലെയും ടാക്‌സിയിലെയും ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും 'നെയിംപ്ലേറ്റ്' നിര്‍ബന്ധമാക്കുക.
7.ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ ഒഴിവാക്കുക.
8.യാത്രക്കാരോടുള്ള പോലീസിന്റെ ഇടപെടല്‍ മനുഷ്യത്വപരമാക്കുക.

യാത്രക്കാര്‍ ചെയ്യേണ്ടത്

1.ഓടുന്ന വണ്ടിയില്‍ ചാടിക്കയറരുത്, ചാടി ഇറങ്ങരുത്.
2.യാത്രകളില്‍ പുകവലി, മദ്യപാനം, ചീട്ടുകളി തുടങ്ങിയവ വര്‍ജിക്കുക.
3.പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങി അപകടസാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കയറ്റാതിരിക്കുക.
4.സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബാഗുകളും പൊതികളും തൊടാതെ, സുരക്ഷാജീവനക്കാരെ അറിയിക്കുക.
5.ലഗേജുകള്‍ അലക്ഷ്യമായി വെക്കാതെ, ബര്‍ത്തില്‍ ചങ്ങലകൊണ്ട് പൂട്ടിയിടുക.
6.അപരിചിതര്‍ നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ നിരസിക്കുക.
7.യാചകരോടും അനധികൃത കച്ചവടക്കാരോടും സഹതാപം കാട്ടാതിരിക്കുക.
8.അമിതമായ ആഭരണപ്രദര്‍ശനം ഒഴിവാക്കുക.
9.സ്ത്രീകള്‍ തീവണ്ടിയുടെ ജനലരികിലിരിക്കുന്നപക്ഷം, ഷട്ടര്‍ താഴ്ത്തിയിടുക.
10.കുറ്റകൃത്യങ്ങള്‍ നടന്നാല്‍ പരാതികള്‍ രേഖാമൂലം നല്‍കി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തില്‍ പങ്കാളിയാവുക.

Comments

Popular posts from this blog

10 Incredible Places to Visit in Kerala: A Complete Guide

Planning a trip to Kerala? Check out this complete guide to the top 10 incredible places to visit in Kerala, with tips on what to see and do. Kerala, located in the southern part of India, is known as God's Own Country for a reason. This beautiful state is a must-visit destination for anyone looking for a unique and emorable travel experience. From tranquil backwaters to stunning beaches, from lush green forests to spice plantations, Kerala has it all. In this complete guide, we'll explore the top 10 incredible places to visit in Kerala.  Kerala Boat Race 1. Munnar Munnar is a beautiful hill station located in the Western Ghats of Kerala. It's known for its breathtaking scenery, tea plantations, and wildlife.  Some of the must-visit places in Munnar include: Echo Point: Enjoy the natural echo phenomenon at Echo Point and take a boat ride on the serene lake. Echo Point Mattupetty Dam: Experience the beautiful scenery of the Western Ghats and spot some wildlife at the Mattu...

The Best Alappuzha Houseboat Tours - Experience Local Culture

    1. The different types of houseboats in Alappuzha. 1. The houseboat A houseboat is a floating house built on pontoons or that floats on the water. Houseboats are typically intended for temporary use, though some may be transformed into permanent constructions. Houseboats are often known as "floating dwellings" or "house barges. 2.Kettuvallam Kettuvallams are bigger than dhows. Originally, these ships were utilized to transport commodities around the Indian Ocean. They are now mostly used for tourism. Alleppey has five houseboat types: Deluxe, Super Deluxe, Premium, Luxury, and Super Luxury.   2. Different houseboat tours offered in Alleppey and their respective advantages. 1. House Boat Tour in Alappuzha A house boat trip is a one-of-a-kind experience in Kerala. You may enjoy both land and water together. You may tour the Alappuzha backwaters and take in the natural splendour. There are several houseboats that provide various activities like as fishing and sightseein...

ഇറ്റലി മാന്ദ്യത്തില്‍; ബ്രിട്ടന്‌ നഷ്ടം 43 ബില്യണ്‍ പൗണ്ട്‌

സ്വന്തം ലേഖകന്‍ യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക്‌ സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന്‌ അത്‌ വലിയ തലവേദനയാകും. കുറഞ്ഞത്‌ 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്‌ളണ്ട്‌ കണക്കുകൂട്ടുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ്‌ ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട്‌ ...