സ്വന്തം ലേഖകന്‍
കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ്പോയതുള്‍പ്പെടെ സംഭവങ്ങളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. പിതാവ് സുധീറാണ് എന്നെ മൂവര്‍ സംഘത്തിന് കൈമാറിയത്. താങ്കള്‍ ആരാണെന്ന അവരുടെ ചോദ്യത്തിന് ബന്ധുവെന്നായിരുന്നു പിതാവിന്റെ മറുപടിയെന്നും പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി. അടുത്തുവന്നയാള്‍ കൂടെ വന്നത് ആരാണെന്ന് ചോദിച്ചു. പിതാവാണെന്നു മറുപടി നല്‍കി. ഇതോടെ പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ പിതാവിന്റെ ചെകിടത്ത് നാലടി കൊടുത്ത് മടങ്ങിപ്പോയെന്നും പെണ്‍കുട്ടി പറഞ്ഞു. എന്റെ രൂപവും ദയനീയമായ ആരോഗ്യസ്ഥിതിയും കണ്ട് പലരും മടങ്ങിപ്പോയിട്ടുണ്ട്. ഇതിന് പിതാവ് ദേഷ്യപ്പെടുമായിരുന്നു. പണം മുഴുവന്‍ അദ്ദേഹം നേരിട്ടാണ് വാങ്ങിയിരുന്നത്. എന്നാല്‍ ചിലര്‍ ടിപ്പായി പണം നല്‍കിയിരുന്നു. ഈ തുക താന്‍ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. ഇക്കാര്യം മനസിലായ പിതാവ് ദേഹപരിശോധന നടത്തി തുക തട്ടിയെടുത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'– പെണ്‍കുട്ടി വെളിപ്പെടുത്തി.
തന്നെ ആദ്യം പീഡിപ്പിച്ചത് പിതാവുതന്നെയാണെന്നും അത് വീട്ടില്‍വച്ചായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. പിന്നീട് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് വന്‍തുകയ്ക്ക് പലര്‍ക്കും കാഴ്ചവച്ചു. പെണ്‍വാണിഭ ഇടനിലക്കാരുടെ വലയില്‍ സുധീര്‍ അകപ്പെടുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പീഡിപ്പിച്ചവരില്‍ ഓര്‍മ്മയിലുള്ളവരുടെ പേരുവിവരങ്ങളാണ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയത്. ഇവരെ മാത്രമാണ് ഇതുവരെ അറസ്റ്റു ചെയ്തിട്ടുള്ളത്. കൂടുതല്‍ പേരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിന് റിമാന്‍ഡില്‍ കഴിയുന്ന ഇടനിലക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍, പിതാവ് സുധീര്‍ എന്നിവരെ ജയിലില്‍ പോയി ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇനി 35 പ്രതികളെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജോ അലക്‌സാണ്ടര്‍, സി.ഐമാരായ ഷാജു, സ്റ്റാലിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചു.
കഴിഞ്ഞദിവസം അറസ്റ്റിലായ തമിഴ്‌നാട്ടിലെ മുന്‍നിര പൊതുമരാമത്ത് കരാറുകാരന്‍ മണികണ്ഠന്റെ കാരക്കോണം കന്നുമാമൂടിലുള്ള സ്വന്തം ഗസ്റ്റ്ഹൗസില്‍ സൂക്ഷിച്ചിരുന്ന എന്‍ഡവര്‍ കാര്‍ അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് ട്രെയിന്‍മാര്‍ഗമാണ് പെണ്‍കുട്ടിയെ സുധീറും ഇടനിലക്കാരനായ ജോഷിയും ചേര്‍ന്ന് പാറശാലയില്‍ എത്തിച്ചത്. ഇവിടെനിന്ന് എന്‍ഡവറില്‍ നേരിട്ടെത്തിയാണ് മണികണ്ഠന്‍ പെണ്‍കുട്ടിയെ ഗസ്റ്റ്ഹൗസിലേക്ക് കൂട്ടികൊണ്ടുപോയത്. ഈ വാഹനത്തില്‍ തന്നെ തിരിച്ച് പാറശാലയിലും എത്തിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠനൊപ്പം ഗസ്റ്റ്ഹൗസിലുണ്ടായിരുന്ന രണ്ടാമനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കരാര്‍ ഇടപാടുകള്‍ അനൂകൂലമാക്കാന്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും മണികണ്ഠന്‍ സല്‍ക്കരിച്ചിരുന്നത് ഗസ്റ്റ്ഹൗസിലായിരുന്നു. പെണ്‍കുട്ടിയെ നല്‍കിയതിന് പ്രതിഫലമായി മണികണ്ഠന്‍ 40000 രൂപയാണ് സുധീറിന് സമ്മാനിച്ചത്. ഇത്രയും ഉയര്‍ന്ന തുക നല്‍കിയ സാഹചര്യത്തില്‍ മണികണ്ഠന് ഒപ്പം ഉണ്ടായിരുന്നത് ഏതെങ്കിലും വി.ഐ.പി ആകാമെന്ന് പൊലീസ് സംശയിക്കുന്നു.
അതിനിടെ കേസില്‍ 18 പ്രതികളെക്കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. കേസിലെ 15ാം പ്രതി കോയമ്പത്തൂര്‍ സ്വദേശിനി ജെസിമോള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബി.അബ്ദുല്‍ ഗഫൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം മാതാപിതാക്കള്‍ തന്നെ പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കാഴ്ചവെച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. ഇത്തരമൊരു കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. 35 ഓളം പ്രതികളുള്ള കേസില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ 17 ഓളം പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. 18 പ്രതികളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ പ്രതിയായതറിഞ്ഞ് മുങ്ങിനടന്ന മണികണ്ഠനെ സിംഗപ്പുരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് െ്രെകംബ്രാഞ്ച് എസ്പി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്. പെണ്‍കുട്ടിയെ വീടിനടുത്തുള്ള ഫാംഹൗസില്‍ ആറുമാസംമുമ്പ് രണ്ടുദിവസം താമസിപ്പിച്ച് പലപ്രാവശ്യം പീഡിപ്പിച്ചതായി മണികണ്ഠന്‍ സമ്മതിച്ചു. പെണ്‍കുട്ടിയും ഇയാളെ തിരിച്ചറിഞ്ഞു. അതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ ജോഷി എന്നയാളാണ് പെണ്‍കുട്ടിയെ മണികണ്ഠന് എത്തിച്ചുകൊടുത്തത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലിക്കേസിനെക്കാള്‍ ക്രൂരപീഡനമാണ് പറവൂര്‍ പെണ്‍കുട്ടിക്ക് ഏള്‍ക്കേണ്ടിവന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ രാഷ്ട്രീയമായി വരെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സൂര്യനെല്ലിക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ സ്വതന്ത്രരായിക്കഴിഞ്ഞു. അപ്പോള്‍പ്പിന്നെ നിശബ്ദപീഡനം അനുഭവിച്ച പറവൂര്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്.
സൂര്യനെല്ലിക്കേസിലെ 35 പ്രതികളെ 2005 ലാണ് കുറ്റക്കാരല്ലെന്നു കണ്ട് ഹൈക്കോടതി വെറുതെവിട്ടത്. പ്രധാന പ്രതി ധര്‍മ്മരാജന്‍ മാത്രം കുറ്റക്കാരനെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. 1996 ലാണ് സൂര്യനെല്ലി കേസ് ഉയര്‍ന്നത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി 40 ദിവസം വിവിധയിടങ്ങളില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. അക്കൊല്ലം ജനുവരി 16 നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഈ കുട്ടിയെ 2 പേര്‍ക്ക് കൈമാറി. ഇവരില്‍ ഒരാള്‍ അഭിഭാഷകനാണ്. ഫെബ്രുവരി 26 നാണ് കുട്ടിയെ വിട്ടയച്ചത്. നാലു വര്‍ഷത്തിനു ശേഷം 2000 സെപ്തംബര്‍ 6 ന് കേസിലെ 35 പ്രതികളേയും വിവിധ കാലങ്ങളിലായി വിചാരണകോടതി കഠിന തടവിന് ശിക്ഷിച്ചു.മുഖ്യ പ്രതിയും കുട്ടിയുടെ കാമുകനുമായി ചമഞ്ഞ ബസ് കണ്ടക്ടര്‍ രാജുവിനും രണ്ടാം പ്രതി ഉഷയ്ക്കും 13 കൊല്ലത്തെ ശിക്ഷയാണ് വിധിച്ചത്.
ഏറെക്കാലത്തെ അന്വേഷണത്തിന് ഒടുവിലാണ് അഭിഭാഷകന്‍ കൂടിയായ ധര്‍മ്മരാജന്‍ പോലീസ് വലയിലായത്. കര്‍ണാടകയിലെ പാറമടയില്‍ ജോലി നോക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ വിചാരണകോടതി വിധിക്കെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്ക് തെളിവില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുറ്റകുത്യങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിയെന്നും ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. സൂര്യനെല്ലിക്കേസില്‍ പ്രത്യേക കോടതി വിധിക്കെതിരെ മുഖ്യപ്രതി ധര്‍മരാജന്‍ ഉള്‍പ്പെടെ 36 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ജസ്റ്റിസ് കെ എ അബ്ദുള്‍ ഗഫൂര്‍, ജസ്റ്റിസ് ആര്‍ ബസന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി പലര്‍ക്കും കാഴ്ചവെച്ചുവെന്നതാണ് കേസ്.
ഗൂഢാലോചന, ബലാല്‍സംഗം, അന്യായമായി തടങ്കലില്‍വെക്കുക, വേശ്യാവുത്തിക്ക് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. 2005ജനുവരി 20 നായിരുന്നു ജസ്റ്റീസ് കെ.എ. അബ്ദുള്‍ ഗഫൂര്‍, ജസ്റ്റീസ് ആര്‍. ബസന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. കേസില്‍ ഒന്നാം പ്രതി ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി. മാത്രമല്ല മുഖ്യ പ്രതി എസ്.എസ് ധര്‍മ്മരാജന്റെ ജീവപര്യന്തം കഠിന തടവ് എന്ന ശിക്ഷ 5 കൊല്ലത്തെ കഠിന തടവാക്കി കുറയ്ക്കുകയും ചെയ്തു.
Comments