സ്വന്തം ലേഖകന്‍
ഒളികാമറകളുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കാലമാണിത്. എവിടെയും കയറുന്നതിനു മുമ്പ് കാമറകളുണ്ടോ എന്നു നോക്കേണ്ടി വരുന്ന അവസ്ഥ. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്വസ്ഥമായി കുളിക്കാന്‍ കയറിയ രണ്ടു വനിതാ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് കൂടെ ജോലി ചെയ്യുന്ന യുവ കാര്‍ഡിയോളജിസ്‌റ്റാണ്. വിവേക് ബാലിഗ എന്ന 33-കാരനായ ഡോക്ടറെ ഇതിന്റെ പേരില്‍ പിടികൂടി. ഇയാളെ പത്തുവര്‍ഷം സെക്‌സ് ഒഫന്‍ഡര്‍ ട്രീറ്റ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലീഡ്‌സ് ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ പകര്‍ത്തുന്ന യാതൊരു ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കേസിലെ പരാതിക്കാരായ വനിതാ ഡോക്ടര്‍മാരെ കാണുവാന്‍ ശ്രമിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വെസ്‌റ്റ് യോര്‍ക്ക്‌ഷയറിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പിഎച്ച്‌ഡിക്കു പഠിക്കുകയാണ് വിവേക്. മൂന്ന് കൗണ്ട് കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2007-നും 2009-നുമിടയില്‍ ഇയാള്‍ കാമറകള്‍ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. വനിതാ ഡോക്ടര്‍മാരുമായി അടുത്ത സൗഹൃദത്തിലായിരിക്കുമ്പോള്‍തന്നെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തി ലാപ്‌ടോപ്പില്‍ സൂക്ഷിക്കാന്‍ ഇയാള്‍ തന്ത്രങ്ങളൊരുക്കിയിരുന്നു. ഇവര്‍ പരസ്‌പരം വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഒരിക്കല്‍ വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍ വിവേകിന്റെ വീട്ടില്‍ ബോയ്‌ഫ്രണ്ടുമൊത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ ഇയാളുടെ എന്‍സ്യൂട്ട് കുളിമുറി ഉപയോഗിക്കുന്നതിന് കുഴപ്പമില്ല എന്നു പറയുകയായിരുന്നു. എന്നാല്‍ കുളിച്ചുകൊണ്ടിരുന്ന വനിതാ ഡോക്ടര്‍, റിക്കോര്‍ഡ് ചെയ്‌തുകൊണ്ടിരുന്ന നിലയിലുള്ള കാമറ കണ്ടെത്തുകയായിരുന്നു. ഭയന്നു പോയ വനിതാ ഡോക്ടര്‍ റെക്കോര്‍ഡ് ചെയ്‌ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിന് നോക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ വിവേകിനോട് പറയാതെ ബോയ്‌ഫ്രണ്ടുമൊത്ത് ഉടനടി സ്ഥലം വിട്ടു. അപകടം മണത്ത വിവേക് ഇവരുടെ പിന്നാലെ ഓടി ചെന്നെങ്കിലും അവര്‍ ഡ്രൈവ് ചെയ്ത് സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
പോലീസിനോട് പറയരുതെന്നും ജീവിതം നശിപ്പിക്കരുതെന്നും തുടര്‍ച്ചയായി വിവേക് അഭ്യര്‍ത്ഥിച്ചിരുന്നു. "എനിക്കു തെറ്റുപറ്റിപ്പോയി, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി,എന്റെ ഏറ്റവും വലിയ സുഹൃത്തിനെ ഞാന്‍ നഷ്ടപ്പെടുത്തി, ഞാനൊരു വിഡ്‌ഢിയാണ്" എന്ന് ഒരു ടെക്‌സ്‌റ്റ് മെസേജില്‍ വിവേക് പറഞ്ഞിരുന്നു. വിവേകിന്റെ അഭ്യര്‍ത്ഥനയെ കാര്യമായി പരിഗണിച്ചുവെങ്കിലും ഒടുവില്‍ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതിപ്പെടുകതന്നെ ചെയ്‌തു.
പോലീസ് വിവേകിന്റെ കംപ്യൂട്ടര്‍ പിടിച്ചെടുത്തപ്പോള്‍ ഇയാള്‍ മറ്റൊരു യുവവനിതാ ഡോക്ടറുടെ വീട്ടിലെ ഷവറിലും ടോയ്‌ലറ്റിലും കാമറ ഘടിപ്പിച്ചിരുന്നുവെന്ന് വ്യക്തമായി. വൊവേകിനെ അടുത്ത സുഹൃത്തായി കണ്ടിരുന്ന ആ ഡോക്ടറും ഇയാള്‍ക്ക് വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്ന സ്വാതന്ത്രം അനുവദിച്ചിരുന്നതാണ്. 2007 സെപ്തംബര്‍ മുതല്‍ 2009 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് വിവേക് തന്റെ ഒളികാമറ പ്രയോഗം നടത്തിയത്.
''ഇയാളുടെ കാമറ ഉപയോഗത്തിന് ഇരകളായവര്‍ അടുത്ത സുഹൃത്തായിട്ടാണ് വിവേകിനെ കണ്ടിരുന്നത്. വിവേകിന് സ്വന്തം വീടുകളില്‍ പോലും സ്വതന്ത്രമായ പ്രവേശനം അനുവദിച്ചിരുന്ന ഇവരുമായുള്ള സൗഹൃദം അയാള്‍ ദുരുപയോഗപ്പെടുത്തി'' കോടതിയില്‍ പ്രോസിക്യൂഷന്‍ വിവേകിനെതിരേ ഉന്നയിച്ചു.
Comments