നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു.
നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട കാര്യമുണ്ടോ ഇല്ലയോ എന്നതല്ല, സിനിമാറ്റിക് ഡാന്‍സ് എന്ന കലാരൂപം കുട്ടികളെ വഴിതെറ്റിക്കുന്നതാണ് എന്ന ആരോപണം എത്രത്തോളം കഴമ്പുള്ളതാണ് എന്നതാണ് എന്റെ സംശയം.
സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നടക്കുന്നതിന്റെ പേരില്‍ സാമൂഹികവും മതപരവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടത്രേ. വിദ്യാര്‍ഥികള്‍ സിനിമാറ്റിക് ഡാന്‍സിന്റെ പേരില്‍ പതിവായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം എന്നും പറയുന്നു. സിനിമാറ്റിക് ഡാന്‍സ് എന്ന കലാരൂപത്തിനു മാത്രം കുട്ടികളെ പിഴപ്പിക്കാനുള്ള എന്തു വിദ്യയാണുള്ളത് എന്നു മനസ്സിലാകുന്നില്ല. സിനിമാറ്റിക് ഡാന്‍സ് ഒരു സാമൂഹികതിന്മയാണ് എന്നു വരുത്തിത്തീര്‍ക്കുന്നതിലൂടെ സ്കൂള്‍ അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാനാണ് ശ്രമിക്കുന്നത്.
വിദ്യാര്‍ഥികള്‍ വഴി പിഴയ്‍ക്കാന്‍ കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരത്തെ സ്കൂളുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചിരുന്നു. എന്നിട്ടും കുട്ടികള്‍ വഴിപിഴച്ചുകൊണ്ടേയിരുന്ന സാഹചര്യത്തിലാണ് എല്ലാവരും കൂടി സിനിമാറ്റിക് ഡാന്‍സിന്റെ നെഞ്ചത്തോട്ട് കയറിയിരിക്കുന്നത്. ഇതു നിരോധിച്ചു കഴിഞ്ഞും കുട്ടികള്‍ വഴി പിഴയ്‍ക്കുന്നതിനു തുടര്‍ന്നാല്‍ അടുത്തത് എന്തു നിരോധിക്കും ? സദാചാരമാഫിയയുടെ ഒരു മനശാസ്ത്രം വച്ചു നോക്കിയാല്‍ മിമിക്രിയാവും അടുത്തതായി നിരോധിക്കുക.
സിനിമാറ്റിക് ഡാന്‍സ് ആണ് കുട്ടികള്‍ വഴിപിഴയ്‍ക്കാനുള്ള കാരണങ്ങളിലൊന്ന് എന്ന നിരീക്ഷണത്തെ വിഡ്ഡിത്തം എന്നേ വിശേഷിപ്പിക്കാനാവൂ.സ്കൂള്‍ വാന്‍ ഡ്രൈവര്‍മാര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഇത്രയേറെ ആവര്‍ത്തിച്ചിട്ടും ഒട്ടേറെ കുരുന്നുകളുടെ ജീവന്‍ കരുതി കൊടുത്തിട്ടും സ്കൂള്‍ വാനുകള്‍ നിരോധിക്കണം എന്നൊരു മാനേജ്മെന്റിനും തോന്നിയിട്ടില്ല.സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നതിലൂടെ വിദ്യാഭ്യാസവകുപ്പ് ചരിത്രപരമായ ഒരു നാണക്കേടിന്റെ മാറാപ്പ് എടുത്ത് ചുമലില്‍ വയ്‍ക്കുകയാണ്.
സിനിമാറ്റിക് ഡാന്‍സും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും തമ്മില്‍ എന്തു ബന്ധം ?
സ്കൂളുകളില്‍ അരങ്ങേറുന്ന മറ്റേത് കലാരൂപവും പോലെയാണ് സിനിമാറ്റിക് ഡാന്‍സും.അതങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്. റേവ് പാര്‍്ട്ടികള്‍ പോലെ വീട്ടിലറിയാതെ രഹസ്യകേന്ദ്രങ്ങളില്‍ കുട്ടികള്‍ സംഗമിച്ച് സിനിമാറ്റിക് ഡാന്‍സ് കളിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഈ നിരോധനത്തിനൊക്കെ ഒരു നീതികരണമുണ്ട്. സ്കൂളുകളില്‍ വിവിധ പരിപാടികളോടനുബന്ധിച്ചാണ് സിനിമാറ്റിക് ഡാന്‍സ് അരങ്ങേറാറുള്ളത്. അതേ ദിവസം അരങ്ങേറുന്ന മറ്റുപരിപാടികള്‍ കുട്ടികളെ പിഴപ്പിക്കുന്നില്ല എന്നതു വിചിത്രമാണ്. സ്കൂളുകളുടെ പരിസരത്തെ ലഹരിവില്‍പനയും അശ്ലീലകച്ചവടവും നിയന്ത്രിക്കാന്‍ ശേഷിയില്ലാത്തവര്‍ സിനിമാറ്റിക് ഡാന്‍സിനു നിരോധനം ഏര്‍പ്പെടുത്തുന്നത് സൂനാമിയുടെ കാലത്ത് ജനത്തെ ആശ്വസിപ്പിക്കാന്‍ പാടത്ത് മടകെട്ടുന്നതുപോലെയാണ്.
സിനിമാറ്റിക് ഡാന്‍സിനു നിരോധനം ഏര്‍പ്പെടുത്താന്‍ ഒറ്റ കാരണമേയുള്ളൂ. അത് ഏതെങ്കിലും ഒരു സമുദായവുമായി ബന്ധപ്പെട്ട ഒരു കലയല്ല.ക്ഷേത്രകലകളും മാപ്പിളകലകളും നസ്രാണികലകളും പരിശുദ്ധവും ക്ലാസിക്കലും സിനിമാറ്റിക് ഡാന്‍സും മിമിക്രിയും പോലുള്ളവ നികൃഷ്ടവുമാണെന്ന സദാചാരവാദികളുടെ വാദത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കുകയാണ് ഉത്തരവിലൂടെ. സിനിമാറ്റിക് ഡാന്‍സ് കുട്ടികള്‍ക്ക് വഴിപിഴയ്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഭരതനാട്യവും ഒപ്പനയും മാര്‍ഗംകളിയുമൊക്കെ അതേ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അത്തരത്തിലൊരു സാഹചര്യം സ്കൂളുകളിലുണ്ടെങ്കില്‍ അത് ഡാന്‍സിന്റെ കുഴപ്പമല്ല നമ്മുടെ സ്കൂളുകളിലെ സാംസ്കാരിക-ധാര്‍മിക-വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണെന്നു തിരിച്ചറിയാതെ ഡാന്‍സ് നിരോധിക്കുന്നതിലൂടെ കുറെയധികം തെറ്റുകളെ ഒരു വിഡ്ഡിത്തം കൊണ്ട് തേച്ചുമാച്ചുകളയാനാണു സര്‍ക്കാരിന്റെ ശ്രമം.
ആരുമില്ലാത്ത ഒരു കലാരൂപത്തോട് ഇത്തരത്തില്‍ പെരുമാറിയ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നു. വിവരമില്ലാത്തവര്‍ നല്‍കുന്ന വിദ്യാഭ്യാസം നമ്മുടെ കുട്ടികളെ നശിപ്പിക്കാതിരിക്കട്ടെ.
Comments