സ്വന്തം ലേഖകന്‍
കേരളത്തിലെ പ്രശസ്തമായ വിനോസഞ്ചാരകേന്ദ്രങ്ങളിലും ആയുര്‍വേദ ആശുപത്രികളിലും എത്തി സായിപ്പും മദാമ്മയും നീലചിത്രം നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു. ലോകപ്രശസ്തമായ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളേയും ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ട ആയുര്‍വേദത്തേയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ സൈറ്റിനെക്കുറിച്ച് കേരള പോലീസോ മറ്റ് അധികാരികളോ അറിഞ്ഞിട്ടില്ല. കേരളത്തിലെ ടൂറിസത്തെ ആഗോളതലത്തില്‍ വിറ്റഴിക്കുന്ന എന്ന ലക്ഷ്യത്തോടെ കര്‍മപരിപാടികള്‍ തയ്യാറാക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിനും ഇതുസംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. സാഷ എന്ന മദാമ്മയും ജോവാന്‍ എന്ന സായിപ്പുമാണ് (യഥാര്‍ത്ഥ പേരുകളല്ല) തുണിയുരിഞ്ഞ് കേരളത്തെ അപമാനിച്ചിരിക്കുന്നത്. ഇവര്‍ തയ്യാറാക്കിയിരിക്കുന്ന നീലചിത്രങ്ങളില്‍ കേരളത്തിലെ വിവാഹസദ്യയും ആയുര്‍വേദ ആശുപത്രികളും ഹൗസ് ബോട്ടുകളും ഉള്‍പ്പെടെയുള്ളവ ചിത്രീകരിച്ചിട്ടുണ്ട്.
ആലപ്പുഴ തുറവൂര്‍ കൊച്ചി എന്നിവിടങ്ങളില്‍ രണ്ടുമാസം മുമ്പായിരുന്നു ചിത്രീകരണം. പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്തത്ര തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സൈറ്റില്‍. നഗരങ്ങളും പട്ടണങ്ങളും മാത്രമല്ല, ചില ഗ്രാമീണരേയും സംഘം നീലചിത്രത്തില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. സാധാരണക്കാര്‍ കാണാന്‍ അറയ്ക്കുന്ന രംഗങ്ങളാണ് വീഡിയോയിലെമ്പാടും എന്നതിനാല്‍ ഡെയ്‌ലി മലയാളം സൈറ്റിന്റെ വിശദാംശങ്ങള്‍ നല്കുന്നില്ല.
പുറത്തുപറയാനാവാത്ത അറപ്പ് സമ്മാനിക്കുന്ന പേരാണ് സൈറ്റിന് നല്‍കിയിരിക്കുന്നത്. 2004 ലാണ് ഈ ബ്ലോഗിന് തുടക്കമിട്ടതെന്ന് മദാമ്മയും സായിപ്പും സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടും സഞ്ചരിച്ച് അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ അഭിമാനത്തോടെ പറയുന്നു. കേരളത്തിലെ യാത്രകളെക്കുറിച്ചുള്ള സത്യസന്ധമായ വിവരണവും തിരിക്കിനിടയിലും ഇവര്‍ സൈറ്റില്‍ നല്കിയിട്ടുണ്ട്. സായിപ്പും മദാമ്മയും മാത്രമാണ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളിലും വീഡിയോകളിലും രാസകേളികളിലാറാടുന്നത്. എന്നാല്‍ മലയാളികളെ ഉള്‍പ്പെടുത്തി ഇത്തരം ചിത്രം നിര്‍മിച്ചോ എന്ന കാര്യം വ്യക്തമല്ല. ടൂറിസത്തിന്റെ മറവില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും മയക്കുമരുന്നു വ്യാപാരവും കേരളത്തിലെമ്പാടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംശയം അവഗണിക്കാവുന്നതുമല്ല.
തിരുവനന്തപുരത്തെ കോവളം, വിഴിഞ്ഞം സ്‌റ്റേഷനുകളില്‍ കുട്ടികളെ പീഡിപ്പിച്ചതിനു വിദേശികള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം നിരവധി കേസുകള്‍ എടുത്തിരുന്നു. എന്നാല്‍ ഒരു കേസിലും തുടര്‍ നടപടിയുണ്ടായില്ല. തീരപ്രദേശത്തെ ആണ്‍കുട്ടികളില്‍ വായ് രോഗങ്ങള്‍ (മൗത്ത് ഡിസീസസ്) വ്യാപകമായതു ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകരുടെ അന്വേഷണമാണു കുട്ടികളില്‍ കേന്ദ്രീകരിക്കുന്ന സെക്‌സ് റാക്കറ്റുകളെക്കുറിച്ചു പുറംലോകം അറിയാന്‍ ഇടയാക്കിയത്. പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന വിദേശികള്‍ അവര്‍ക്കു രോഗവും സമ്മാനിക്കുകയാണ്. ഇതിനിടെയാണ് പുതിയ ആശങ്കകള്‍ ഉയര്‍ത്തി നീലചിത്രനിര്‍മാണവും അരങ്ങേറുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരകള്‍ വെറുതേ ചെന്നു സായ്പിന്റെ വലയില്‍ വീഴില്ലെന്നുറപ്പ്. അവരെ എത്തിച്ചുകൊടുക്കുന്ന മാഫിയകളുണ്ട്. പൊലീസ് കണ്ണടയ്ക്കുമ്പോള്‍ രക്ഷപ്പെടുക ഇവരാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്‌റ്റേഷനില്‍ ഏജന്റുമാര്‍ കരകൗശല വില്‍പ്പനയ്ക്ക് എന്ന വ്യാജേന എത്തിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതു കോവളം മേഖലയിലെ വാടക വീടുകളില്‍. വിദേശികള്‍ക്കു താമസ സൗകര്യം ഒരുക്കുന്നതു ഹോം സ്‌റ്റേകളിലാണ്. ഇടപാടുകാര്‍ക്കുള്ള സൗകര്യമെല്ലാം സെക്‌സ് റാക്കറ്റ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ടൂറിസം സീസണില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു കര്‍ണ്ണാടക സ്വദേശികളായ നിരവധി പെണ്‍കുട്ടികളെ സ്വദേശത്തേക്കു മടക്കി അയച്ചിരുന്നു. എന്നാല്‍ ലൈംഗിക വ്യാപാരം വേരോടെ പറിച്ചുകളയാന്‍ ഈ നടപടികള്‍ അപര്യാപ്തം. ഇക്കുറിയും സീസണ്‍ പ്രതീക്ഷയില്‍ ഇരകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള തിരക്കിലാണു സെക്‌സ് റാക്കറ്റ്. തദ്ദേശീയരായ ആണ്‍കുട്ടികളെയും അന്യദേശ പെണ്‍കുട്ടികളെയും പീഡനത്തിനിരയാക്കുന്നതിനെതിരേ ചെറുവിരലനക്കാന്‍ പൊലീസിനു കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൊച്ചി, ആലപ്പുഴ എന്നിവയ്ക്കുപുറമേ തിരുവനന്തപുരത്തെ വിഴിഞ്ഞം, കോവളം, പൂവാര്‍ പ്രദേശങ്ങളിലാണു പിഞ്ചുമാംസ കച്ചവടക്കാരുടെ പ്രധാന താവളം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നും എത്തുന്ന ടൂറിസ്റ്റുകളാണു ആരോപണ വിധേയര്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകാരെയും കോവളത്തെത്തിക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഇവര്‍ റാക്കറ്റിലെ കണ്ണികളാക്കുന്നു. നല്ല ഭക്ഷണം, വസ്ത്രം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സമ്മാനിച്ചാണ് ആണ്‍കുട്ടികളെ വശത്താക്കുന്നത്. 10-17 വയസുകാരെയാണു അധികവും പീഡിപ്പിക്കുന്നത്. പത്തു വയസില്‍ താഴെയുള്ളവരും റാക്കറ്റിന്റെ വലയില്‍ വീഴാറുണ്ട്. രക്ഷിതാക്കള്‍ക്കു സാമ്പത്തിക സഹായം നല്‍കിയാണു കുട്ടികളെ വശത്താക്കുന്നത്. ആണ്‍കുട്ടികളല്ലേ കുഴപ്പമില്ല എന്ന ധാരണയിലാണു കുട്ടികളെ ഇവരോടൊപ്പം അയക്കുന്ന വീട്ടുകാരുടേത്. സീസണ്‍ തുടങ്ങും മുമ്പേ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ചില സംഘങ്ങള്‍ വാടകയ്‌ക്കെടുക്കുന്നു. ഏജന്റുമാര്‍ സൗഹൃദം നടിച്ചു നിര്‍ധന കുടുംബത്തിലെ ആണ്‍കുട്ടികളെ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കും. സിനിമ കാണാനും മദ്യപിക്കാനുമൊക്കെ അവസരം നല്‍കും. അശ്ലീല സിഡികള്‍ പ്രദര്‍ശിപ്പിച്ച് അപക്വ മനസുകളെ വഴിതെറ്റിക്കും. കുട്ടികളെ ഇടപാടുകാര്‍ക്കു വന്‍തുക ഈടാക്കി കാഴ്ചവയ്ക്കും.
സ്വപ്നതുല്യമായ ജീവിത സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ റാക്കറ്റിലേക്ക് അംഗങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുകയാണ്. ഇതിനുപുറമേയാണ് മുട്ടിന് മുട്ടിന് ടൂറിസ്റ്റ് ഹബ്ബുകള്‍ , വന്‍കിടവും ചെറുകിടവുമായ റിസോര്‍ട്ടുകള്‍ . വന്‍ തുകയുടെ ബജറ്റ് വിഹിതങ്ങള്‍ , കേരളത്തിന് അതിജീവിക്കാനുള്ള അവസാന വഴിയെന്നാണ് ടൂറിസത്തെ എല്ലാവരും പരിചയപ്പെടുത്തുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ പദാവലികള്‍ രൂപം കൊണ്ടു. കള്‍ച്ചറല്‍ ടൂറിസവും മെഡിക്കല്‍ ടൂറിസവും തീര്‍ഥാടന ടൂറിസവും.. അവസാനമായി സെക്‌സ് ടൂറിസവും. ഇതില്‍ ഏറ്റവും വ്യാപാര സാധ്യതയുള്ളതാണ് സെക്‌സ് ടൂറിസം. കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏറെക്കുറെയെല്ലാം ഇന്ന് സെക്‌സ് മാഫിയയുടെ കയ്യിലകപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വിദേശ വിപണിയില്‍ നിന്ന് പുറന്തള്ളുന്ന ലൈംഗിക ഇരകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് മാഫിയ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷം കോതമംഗലം തട്ടേക്കാട് ഉണ്ടായ അപകടം. അപകടത്തില്‍ മരിച്ച യുവാവിനൊപ്പമുണ്ടായിരുന്ന റഷ്യന്‍ യുവതികളെ ചുറ്റിപ്പറ്റി ദുരൂഹത നിലനില്‍ക്കുകയാണ്. ടൂറിസ്റ്റ് വിസയില്‍ ഇവരെ ഇവിടെ എത്തിക്കുന്നത് ദുബായ് ഏജന്റുമാരാണ്. നാട്ടിലെ സബ് ഏജന്റുമാര്‍ ഇവര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനും ബിസിനസ് നടത്താനും നേരത്തേ തന്നെ ബുക്കിംഗ് ഏര്‍പ്പാടാക്കും. ഇവര്‍ക്കായി കുറഞ്ഞ ചെലവില്‍ മയക്കുമരുന്നും മദ്യവും സുലഭം. ആഡംബര റിസോര്‍ട്ടുകള്‍ , മുന്തിയ വാഹനങ്ങളില്‍ യാത്ര, ടൂറിസ്റ്റ് എന്ന ആനുകൂല്യം. കൊച്ചിയും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂടിച്ചേര്‍ന്ന് കേരളത്തില്‍ സെക്‌സ് ടൂറിസത്തിന്റെ പുതുയുഗപ്പിറവിക്ക് നാന്ദികുറിച്ചിരിക്കയാണ്. റഷ്യ, ഉക്രെയിന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഈ മാര്‍ക്കറ്റുകളില്‍ കൂടുതലായും എത്തുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ചില യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരും എത്തുന്നുണ്ട്.
മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയ്‌ക്കെത്തുന്ന ഇവര്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ ഏജന്റുമാരുടെ വരുതിയിലായിരിക്കും. നഗരത്തിലെ ഇടത്തരം ഹോട്ടലുകളിലും ചീപ്പ് ബാറുകളിലും ഇത്തരക്കാര്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായ പ്രമുഖരും പോലീസ് ഉദ്യേഗസ്ഥരുമടങ്ങുന്ന വന്‍ ശൃംഖല ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. നാട്ടുകാരുടെ കണ്‍മുന്നില്‍ ഇവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുമ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടുന്നില്ലെന്ന് ശ്രദ്ധേയമാണ്. ഇത്തരമൊരു ചിത്രത്തിന്റെ ബാക്കിപത്രമാണ് ഈ അശ്ലീലസൈറ്റും. അധികൃതര്‍ കണ്ണടച്ചാല്‍ തുണിയുരിയുന്ന മലയാളികളേയും ഇതിലൂടെ വൈകാതെ കാണാനാകുമെന്നുമാത്രം.
Comments