ഉരുക്കറ തുറക്കാന്‍ കോടതി പറയണം; സ്വത്തുക്കള്‍ ശ്രീ പദ്‌മനാഭസ്വാമി തന്നെ സംരക്ഷിക്കുമെന്ന് ഉത്രാടം തിരുന്നാള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന ഉരുക്കറയെന്ന് അറിയപ്പെടുന്ന 'ബി' അറ തുറക്കുന്നതു സുപ്രീംകോടതിയുടെ അഭിപ്രായമറിഞ്ഞിട്ടാകാമെന്നു പരിശോധനാസമിതി തീരുമാനിച്ചു. ഉരുക്കുവാതിലുകളുള്ള ഈ അറ തുറക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണിത്. 'എ' അറയിലെ കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. വിലമതിക്കാനാവാത്ത ആഭരണങ്ങളും അപൂര്‍വവസ്‌തുക്കളും കണ്ടെടുത്തു. ഇതുവരെ തുറന്ന അറയിലെ വിവരങ്ങള്‍ കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ടായി നല്‍കും.
ഉരുക്കുവാതിലുകളുള്ള 'ബി' അറ തുറക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ആവശ്യമായിവരും. അതിനു തടസമുണ്ടോയെന്നു കോടതിയോട് ആരായാനാണു സമിതിയുടെ തീരുമാനം. 'ബി' അറയില്‍നിന്ന് ഇന്നലെ ഒന്നരയടി പൊക്കമുള്ള രണ്ടു വിഷ്‌ണുവിഗ്രഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ അമൂല്യമായ നവരത്നങ്ങള്‍ പതിച്ചിട്ടുണ്ട്. കൂടാതെ സ്വര്‍ണ അരപ്പട്ടയും തങ്കത്തിലുള്ള മാര്‍ച്ചട്ടയും കണ്ടെത്തി. ഇവ കൊളുത്തുകളാല്‍ ബന്ധിച്ചിരുന്നു. ഇതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ നിധിശേഖരത്തിന്റെ മൂല്യം ലക്ഷംകോടിയോട് അടുത്തു.
നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, സ്വര്‍ണ ആള്‍രൂപങ്ങള്‍, മുപ്പതോളം വെള്ളിക്കുടങ്ങള്‍, 40 വെള്ളിപ്പാത്രങ്ങള്‍, മൂന്നു സ്വര്‍ണച്ചിരട്ട എന്നിവയും കണ്ടെടുത്തു. സ്വര്‍ണച്ചിരട്ടയില്‍ ഒന്നിനുമാത്രം ഏകദേശം 50 കോടി വില വരുമെന്നാണു നിഗമനം. നിരവധി മാലകള്‍, വളകള്‍, സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ എന്നിവയും കണ്ടെടുത്തു കണക്കില്‍ചേര്‍ത്തു. രണ്ടുദിവസമായി നടന്ന പരിശോധനയിലും ഇന്നലെയുമായി ലഭിച്ച ശരപ്പൊളി മാലകള്‍ 1800 എണ്ണം വരും. 20 എണ്ണം വച്ചാണ് തൂക്കി ഇവ തിട്ടപ്പെടുത്തുന്നത്. ഇതിന് ഏറെ സമയമെടുക്കുന്നതിനാലാണു പരിശോധന വൈകുന്നത്.
ക്ഷേത്രത്തില്‍ വന്‍നിധി കണ്ടെടുത്ത സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്‌തിപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: വേണുഗോപാല്‍ കെ നായരുടെ നേതൃത്വത്തില്‍ ഉന്നതസംഘം രൂപീകരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രണ്ടു കമ്പനി പോലീസിനെ ക്ഷേത്രത്തിനു പുറത്തു വിന്യസിച്ചു. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും പോകുന്നവരെ വീഡിയോ കാമറയില്‍ പകര്‍ത്തും. ക്ഷേത്രത്തിന്റെ നാലു നടകളും കമ്മിഷണര്‍ പരിശോധിച്ചു. ക്ഷേത്രവളപ്പിന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെയും കടയുടമകളുടെയും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന് അകത്തും പുറത്തും എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിനു ശിപാര്‍ശ നല്‍കും.
ഇന്നലെ രാവിലെ ഡി.ജി.പി. ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ ക്ഷേത്രസുരക്ഷ അവലോകനം ചെയ്‌തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എ.ഡി.ജി.പി: വേണുഗോപാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ ഐ.ജി: കെ. പത്മകുമാര്‍, ഭരണവിഭാഗം ഐ.ജി: എസ്. ഗോപിനാഥ്, ദേശീയസുരക്ഷാ ഐ.ജി: അനന്തകൃഷ്‌ണന്‍ എന്നിവരാണു സമിതിയംഗങ്ങള്‍.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ നിന്നിനും കണ്ടെടുത്ത സ്വത്തുക്കള്‍ എല്ലാം തുടര്‍ന്നും സ്വത്തുക്കള്‍ തുടര്‍ന്നും ശ്രീപത്മനാഭന്‍ കാത്തുസൂക്ഷിക്കുമെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പരിശോധനാവിധേയമാക്കുന്ന സ്വത്തുക്കള്‍ എന്നും ശ്രീപത്മനാഭന്റേതുതന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായി എല്ലാ കാര്യങ്ങളും നടക്കുന്നതു നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വത്തുപരിശോധന തുടങ്ങിയശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിക്കുന്നത്.
ഇത്ര വലിയ സമ്പത്ത് ക്ഷേത്രത്തിനുണ്ടെന്നു രാജകുടുംബത്തിന് അറിയാമായിരുന്നു. അതു കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ് എല്ലാവിധ പൂജകളും ആചാരങ്ങളും ചിട്ടയോടെ നടത്തുന്നത്. സ്വത്തു സംബന്ധിച്ച എല്ലാ വിവരവും കൊട്ടാരം രജിസ്‌റ്ററിലുണ്ട്. അവ ഇത്രകാലം ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments