സ്വന്തം ലേഖകന്‍
ലണ്ടന്‍: കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ ഓരോ വ്യവസായരംഗവും ശ്രമിക്കുന്നതിനിടെ ബയോഫ്യുവല്‍ ഉപയോഗിച്ച് വിമാനം പറത്താന്‍ തോംസണ്‍ എയര്‍വേസ് ഒരുങ്ങുന്നു. അവസാന ക്ലിയറന്‍സ് ലഭിച്ചാല്‍ ഈമാസം 28ന് ബിര്‍മിംഗാമില്‍ നിന്ന് സ്‌പെയ്‌നിലെ മല്ലോര്‍ക്കയിലേക്ക് തോംസണ്‍ എയര്‍വേസിന്റെ വിമാനം പറക്കും. ഈ പറക്കല്‍ വിജയകരമായാല്‍ സെപ്റ്റംബര്‍ മുതല്‍ ഒരുവര്‍ഷത്തേക്ക് ആഴ്ച്ചതോറും വിമാന സര്‍വീസ് ഉണ്ടാകും. വിന്ററില്‍ ബിര്‍മിംഗാമില്‍ നിന്ന് അലികാന്റയിലേക്കും സര്‍വീസ് നടത്തും. ജെറ്റ് എവണ്‍ ഇന്ധനവും എച്ച്.ഇ.എഫ്.എ (ഹൈഡ്രോപ്രൊസസ്ഡ് എസ്‌റ്റെഴ്‌സ് ആന്‍ഡ് ഫാറ്റ് ആസിഡ്‌സ്) ഇന്ധനവും നേര്‍പകുതി വീതം ചേര്‍ത്തുണ്ടാക്കുന്ന ജൈവ ഇന്ധനമാണ് വിമാനത്തിന് ഉപയോഗിക്കുകയെന്ന് തോംസണ്‍ കമ്പനി അറിയിച്ചു.
ഉപയോഗിച്ചു മിച്ചം വന്ന പാചകയെണ്ണയില്‍ നിന്നാണ് എച്ച്.ഇ.എഫ്.എ ഉണ്ടാക്കുന്നത്. ഡച്ച് വിമാനക്കമ്പനിയായ കെ.എല്‍.എം ബയോ കെറോസിന്‍ ഇന്ധനം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ച്ച ലോകത്ത് ആദ്യമായി യാത്രാവിമാനം പറത്തിയിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്നു പാരീസിലേക്കു പോയ ബോയിംഗ് 737800 ജെറ്റില്‍ 171 യാത്രക്കാരാണുണ്ടായിരുന്നത്. തോംസണ്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന അതേ ഇന്ധനക്കൂട്ടാണ് ഇവരും ഉപയോഗിച്ചത്. സെപ്റ്റംബറില്‍ ഹോളണ്ടിനും ഫ്രാന്‍സിനുമിടയില്‍ ബയോ കെറോസിന്‍ ഇന്ധനം ഉപയോഗിച്ച് സ്ഥിരം സര്‍വീസ് നടത്താന്‍ കെ.എല്‍.എം പദ്ധതിയിടുകയാണ്.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് എല്ലാ ഫ്‌ളൈറ്റിലും ജൈവ ഇന്ധനം ഉപയോഗിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് തോംസണ്‍ മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ബ്രൗണ്‍ പറഞ്ഞു. 2020ഓടെ രണ്ടു മില്യണ്‍ ടണ്‍ ബയോഫ്യുവല്‍ ഉണ്ടാക്കാന്‍ യൂറോപ്യന്‍ വിമാനക്കമ്പനികളും ബയോഫ്യുവല്‍ നിര്‍മാതാക്കളും ഇ.യു.കമ്മീഷനും കഴിഞ്ഞയാഴ്ച്ച കരാര്‍ ഉണ്ടാക്കിയിരുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിക്ക കമ്പനികളും ജൈവ ഇന്ധനത്തിലേക്കു തിരിയുന്നത്. ഡച്ച് കമ്പനിയായ സ്‌കി എന്‍.ആര്‍.ജിയാണ് തോംസണുവേണ്ടി ബയോ ഫ്യുവല്‍ ഉണ്ടാക്കുന്നത്.
എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ ബയോഫ്യുവല്‍ ഉപയോഗിക്കുന്നത് ചെലവു വര്‍ധിപ്പിക്കും. ചെലവു കുറഞ്ഞ ജൈവ ഇന്ധന ഉല്പാദനം കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രവുമല്ല, പാമോയില്‍ പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments