സ്വന്തം ലേഖകന്‍
കോട്ടയം: വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിപ്പിച്ച അധ്യാപികയ്ക്കു ശിഷ്യന്റെ വക എസ്.എം.എസ് ഗുരുദക്ഷിണ. കോട്ടയത്തെ ഒരു റിട്ടയേഡ് അധ്യാപികയാണ് ശിക്ഷ്യന്റെ സൈബര്‍പ്രണയത്തില്‍ വശംകെട്ടത്. ആളറിയാതെയാണ് അധ്യാപിക പരാതി നല്കിയത്. പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടപ്പോള്‍ അധ്യാപിക വിതുമ്പി. തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥികളിലൊരാളായ അവന്‍ കൂടുതല്‍ വഴിതെറ്റിപ്പോകേണ്ടെന്നോര്‍ത്ത് കേസും കൂട്ടവും വേണ്ടെന്നു തീരുമാനിച്ച് ഉപദേശം മാത്രം നല്‍കി ടീച്ചര്‍ അവനെ പറഞ്ഞയക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കോട്ടയം സൈബര്‍ സെല്‍ ഓഫീസില്‍ നാടകീയമായ രംഗങ്ങള്‍ നടന്നത്. സുന്ദരിയായ ഈ അധ്യാപികയ്ക്ക് സ്വന്തം ഫോണിലേയ്ക്ക് നിരന്തരമായി അജ്ഞാത ഫോണില്‍ നിന്ന് എസ്.എം.എസ് വരാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ആദ്യമൊക്കെ സംഭവം ഒരു കൗതുകമായി അദ്ധ്യാപിക കരുതി. മെസേജുകള്‍ അതിരുവിടാന്‍ തുടങ്ങിയതോടെ പരാതിപ്പെടാന്‍ ഒരുങ്ങി...'ടീച്ചര്‍ പള്ളിയിലേക്ക് പോയപ്പോള്‍ ഉടുത്തിരുന്ന സാരി നന്നായിട്ടുണ്ട്.. അതുടുത്തപ്പോള്‍ എന്താ ഒരു ചന്തം എന്ന് ഒരു ദിവസം അയച്ച മെസേജ്. മറ്റൊരുദിവസം ഇന്ന് കുളിച്ചില്ലാ.. അല്ലേ?.. വേഷവും വളരെ മോശം'. കാമുകന്റെ റോളില്‍ യുവാവ് എസ്.എം.എസിലൂടെ കത്തിക്കയറുകയായിരുന്നു. ഈ എസ്.എം.എസ് എങ്ങാനും തന്റെ മക്കള്‍ കണ്ടാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്ത് റിട്ട. അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതി ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സൈബര്‍ പൊലീസ് മെസേജു വീരനെ പിടികൂടി. ആദ്യമൊക്കെ മെസേജുകള്‍ അയച്ചതു താനല്ല എന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ഒരു വര്‍ഷക്കാലമായി ഈ വിരുതന്റെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും സൈബര്‍ സെല്‍ കാണിച്ചതോടെ കുറ്റം സമ്മതിക്കാതെ നിര്‍വ്വാഹമില്ലെന്നായി. പിന്നീട് പരാതിക്കാരിയായ അധ്യാപികയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രതിയെ കാണിച്ചു.
പ്രതിയെ കണ്ടമാത്രയില്‍ അധ്യാപിക വിതുമ്പിപ്പോയി. താന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്‌കൂളില്‍ പഠിപ്പിച്ച ശിഷ്യന്‍ തന്നെ ദ്രോഹിച്ചതില്‍ അവര്‍ വളരെയധികം വേദനിച്ചു. ഒടുവില്‍ ശിഷ്യനെതിരെ കേസെടുക്കേണ്ടതില്ലെന്നു പറഞ്ഞ് ഈറന്‍ മിഴികളോടെ അധ്യാപിക സൈബര്‍ സെല്ലിന്റെ പടിയിറങ്ങി. വിദ്യാര്‍ഥിമാരെ പ്രണയിക്കുന്ന അധ്യാപികമാരും അധ്യാപികമാരെ പ്രണയിക്കുന്ന വിദ്യാര്‍ഥികളും കേരളത്തിലും കുറവല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയത്തുനിന്നും എത്തിയത്. കോട്ടയത്തെ അധ്യാപികയുടെ സന്മാര്‍ഗബോധം എല്ലാ അധ്യാപികമാര്‍ക്കും ഉണ്ടാകണമെന്നില്ല. ഇതുമൂലം വിദ്യാര്‍ഥി വഴിതെറ്റിപ്പോകാനോ, അല്ലെങ്കില്‍ വലിയ കുറ്റകൃത്യങ്ങളിലേക്കു നടന്നു നീങ്ങാനോ സാധ്യതയുണ്ടായിരുന്നു. എങ്കിലും മുതിര്‍ന്ന ഒരമ്മയുടെ മനസോടെ കാര്യങ്ങളെ സമീപിച്ച ഈ അധ്യാപികയെപ്പോലുള്ളവരെയാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇത്തരക്കാരാകട്ടെ വളരെ വിരളവുമാണ്.
വിദ്യാര്‍ഥിയെ പ്രണയിക്കുന്ന അധ്യാപികമാരാണ് കേരളത്തില്‍ അധികവുമെന്നു വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെങ്ങന്നൂരില്‍ അടുത്തിടെ അപകടമരണത്തിനിടയായ അജിത് എന്ന വിദ്യാര്‍ഥി ഇത്തരമൊരു സംഭവത്തിലെ രക്തസാക്ഷിയാണ്. ചെങ്ങന്നൂരിനു സമീപം തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു അജിതിന്റെ മരണം അധ്യാപികയുമായുള്ള എസ്.എം.എസ് ബന്ധത്തെത്തുടര്‍ന്നായിരുന്നു. ടീച്ചറും, ടീച്ചര്‍ കുഞ്ഞനിയനെന്നു വിശേഷിപ്പിക്കുന്ന അജിതും തമ്മില്‍ ദിവസവും രാത്രി 12 നും പുലര്‍ച്ചെ മൂന്നരയ്ക്കുമിടെ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഒരധ്യാപിക ശിഷ്യനോടു പറയാന്‍ പാടില്ലാത്ത തരത്തിലുള്ള പ്രണയചേഷ്ടകളാണ് അധ്യാപിക മൊബൈലിലൂടെ പ്രകടിപ്പിച്ചുരുന്നതെത്രെ. ഇവര്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാറുണ്ടെന്നും സൂചനകളുണ്ട്.
വിദ്യാര്‍ഥിയുമായുള്ള പ്രണയത്തില്‍ നിന്നും അധ്യാപികയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അജിത്തിനെ വിദ്യടീച്ചറുടെ ഭര്‍ത്താവിന്റെ അനിയനും സുഹൃത്തുംചേര്‍ന്നു ചോദ്യംചെയ്യാന്‍ വിളിച്ചു. ഇതിനായി കാറില്‍ക്കയറ്റിക്കൊണ്ടുവരുന്നതിനിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ അജിത് കാറില്‍ നിന്നും ചാടി റെയില്‍വേ ട്രാക്കിലൂടെ രക്ഷപെടുകയായിരുന്നു. ഇതിനിടെ വന്ന ട്രെയിന്‍തട്ടി അജിത് മരണമടയുകയും ചെയ്തു. അജിതിനെ പേടിപ്പിക്കുക, ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചേര്‍ന്ന് പിടികൂടിയത്. എന്നാല്‍ റെയില്‍വേ ട്രാക്കിനുസമീപം എത്തിയതോടെ സംഭവങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. കാറില്‍ നിന്ന് ഓടിയിറങ്ങിയ അജിത്ത് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിദ്യയുടെ ഭര്‍തൃസഹോദരനായ സരിനും സുഹൃത്ത് ഡീനും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അജിതും ടീച്ചറും കൈമാറിയ മൊബൈല്‍ സന്ദേശം ഉള്‍പ്പെടെയുള്ളവ തീവ്രമായ ഒരു ബന്ധത്തിന്റെ സൂചനയാണ് പോലീസിനു നല്‍കുന്നത്.
കുട്ടാ.., ചക്കരേ.., മുത്തേ... തുടങ്ങിയ സംബോധനകളാണ് ടീച്ചര്‍ അജിതിന് അയച്ചിരുന്ന മെസേജുകളില്‍ രേഖപ്പെടുത്തിയിരുന്നത്. ഒരു നേരമെങ്കിലും കാണാതെ വയ്യ, ചേച്ചിയുടെ കണ്ണനെ' എന്ന പറച്ചിലോടെ തുടങ്ങുന്ന മെസേജുകള്‍ മുതല്‍ വലിയ മെസേജുകള്‍ വരെ ഇവര്‍ പരസ്പരം കൈമാറിയിരുന്നതായി പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് മനസ്‌സിലായിട്ടുണ്ട്. അജിത്തിന്റെയും വിദ്യയുടെയും പ്രേമബന്ധത്തിന്റെ കഥകള്‍ ഭര്‍ത്താവിന് എത്തിച്ചു കൊടുത്ത ആ അജ്ഞാത സുഹൃത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിന് പൊലീസിനെ സഹായിക്കാന്‍ സൈബര്‍ സെല്ലും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപിക കോളജിലെ ചിലരെ തുടര്‍ച്ചയായി വിളിക്കാറുണ്ടെന്ന ആദ്യ സന്ദേശം തന്നെ ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള നെറ്റ് ഫോണില്‍ നിന്നായിരുന്നു. നെറ്റ് ഫോണില്‍ നിന്നു വിളിച്ചാല്‍ +055555 എന്നുള്ള നമ്പറായിരിക്കും ഫോണില്‍ തെളിയുക. അജ്ഞാതന്‍ ഏറെ ബുദ്ധിയുള്ളയാളായതിനാലാണ് വിവരം ധരിപ്പിക്കാന്‍ നെറ്റ് ഫോണ്‍ ഉപയോഗപ്പെടുത്തിയത്.
അജിത്തിന്റെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ അധ്യാപിക വിദ്യയുടെ ഭര്‍തൃസഹോദരന്‍ സരിന്‍ ചന്ദ്ര (24), സുഹൃത്ത് വളഞ്ഞവട്ടം കാരിക്കോട്ട് വീട്ടില്‍ ഡാന്‍ ജോണ്‍ (26) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരേ കേസ്. അജിത്തിനെ കൊന്നതാണോ, റെയില്‍വേ ട്രാക്കിലൂടെ ഓടുമ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചതാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജ്യേഷ്ഠത്തിയുമായി അജിത്തിനുള്ള ബന്ധം അറിഞ്ഞപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ചെങ്ങന്നൂരിലേക്ക് വിളിപ്പിച്ചതാണെന്നും, വെള്ളാവൂര്‍ ജംഗ്ഷനില്‍ സ്‌കൂട്ടര്‍ വച്ച് കാറില്‍ ഒപ്പം യാത്രചെയ്ത അജിത്തിനോട് കാര്യങ്ങള്‍ തിരക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് സരിന്‍ പൊലീസിനോട് പറഞ്ഞത്. ഏതായാലും കേസന്വേഷണം ഇപ്പോള്‍ നിലച്ചമട്ടിലാണ്.
Comments