കോട്ടയത്ത് വെടിയുതിര്‍ത്ത് സ്വര്‍ണ്ണക്കവര്‍ച്ച; കാരണം പ്രവാസി മലയാളിയുടെ കടക്കെണി, നാട്ടില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ക്കും ഇതൊരു പാഠം
സ്വന്തം ലേഖകന്‍
നാട്ടില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ക്കും കോട്ടയം മോഷണം ഒരു പാഠമാകുന്നു. നഗരമധ്യത്തില്‍ പട്ടാപ്പകല്‍ സ്വര്‍ണ്ണകട കൊള്ളയടിക്കാന്‍ കാരണം പ്രവാസി മലയാളിയായിരുന്ന 'എസ്‌റ്റേറ്റ് മുതലാളി’യുടെ കടക്കെണിയാണെന്ന് തെളിയുന്നു. എടുത്താല്‍ പൊങ്ങാത്ത ഇന്‍വെസ്റ്റ്മെന്റുകള്‍ നാട്ടില്‍ ചെയ്യുന്നവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യേണ്ടി വരും. ഗള്‍ഫില്‍ ജോലി ചെയ്ത് ലക്ഷങ്ങളുമായി നാട്ടിലെത്തിയ കലൂര്‍ തമ്മനം കത്രിക്കടവ് റോഡിലെ ഡീനസ്റ്റ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മനോജ് സേവ്യര്‍ (35) ഇടുക്കി ശാന്തന്‍പാറ രാജാക്കാട്ടില്‍ വാങ്ങിയ എസ്‌റ്റേറ്റില്‍ 45 ലക്ഷം രൂപയുടെ കടമുണ്ടായതാണ് ഇത്തരമൊരു കൊള്ള ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇത്രയും പെട്ടെന്ന് തന്നെ തങ്ങള്‍ കുടുങ്ങുമെന്ന് മനോജ് കരുതിയിരുന്നില്ല. സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ മനോജിന്റെ വലം കൈയായി പ്രവര്‍ത്തിച്ച തമിഴനാട് തേനി തേവാരം (ഡോര്‍ നമ്പര്‍ 201) ചര്‍ച്ച് തെരുവില്‍ മുരുകേശന്‍ (28) പൊലീസ് പിടിയിലായതോടെ മനോജിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഇന്നലെ തോക്ക് ചൂണ്ടി പട്ടാപ്പകല്‍ കോട്ടയത്തെ സ്വര്‍ണക്കടയില്‍നിന്നും കവര്‍ച്ചയ്‌ക്കുശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ കുടുക്കിയത് ഡിഗ്രി വിദ്യാര്‍ഥിയുടെ അവസരോചിതമായ ഇടപെടല്‍. കുമരകം സ്വദേശി മേടയില്‍ ഷിജോ മാത്യു (20) പോലീസിന് നല്‍കിയ വിവരങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളിലൊരാളെ കുടുക്കാന്‍ സഹായിച്ചത്. കോട്ടയം ബസേലിയസ് കോളജില്‍ ബി.എ. ഇക്കണോമിക്‌സ് പരീക്ഷകഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിജോ. കോട്ടയം-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന അശ്വിന്‍ ബസില്‍ ബേക്കര്‍ ജംഗ്‌ഷനില്‍നിന്നും കയറിയ ഷിജോ ചാലുകുന്ന് ബസ് സ്‌റ്റോപ്പില്‍നിന്നും ബൈക്കിലെത്തിയ ഒരാള്‍ ബാഗുമായി കയറുന്നത് കണ്ടിരുന്നു.
തുടര്‍ന്നു പൊലീസുകാരന്‍ ബൈക്കിലും ഷിജോ വഴിയിലുണ്ടായിരുന്ന ഒരാളുടെ കാറിലും കയറി അശ്വിന്‍ ബസിനു പിന്നാലെ വിട്ടു. ഷിജോയില്‍ നിന്നും വിവരം അറിഞ്ഞപ്പോള്‍ തന്നെ കവണാറ്റിന്‍കരയിലെ ടൂറിസം പൊലീസിനോടു ബസ് തടഞ്ഞിടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. സംശയം തോന്നിയ രണ്ടുപേരെ ബസില്‍നിന്നു ടൂറിസം പൊലീസ് പിടികൂടി. അപ്പോഴേക്കും പൊലീസുകാരനും ഷിജോയും എത്തി. ടൂറിസം പൊലീസ് പിടികൂടിയ ആളല്ല ചാലുകുന്നില്‍നിന്നു കയറിയതെന്നു ഷിജോ പറഞ്ഞതോടെ മറ്റു യാത്രക്കാരിലേക്കായി പൊലീസിന്റെ നോട്ടം. അതു വരെ കള്ളന്‍ സത്യസന്ധന്റെ മട്ടില്‍ ബസില്‍ ഇരിക്കുകയായിരുന്നു. ഷിജോ ഇയാളെ കാണിച്ചുകൊടുത്തതോടെ പൊലീസ് സീറ്റിനടിയിലെ ബാഗ് പരിശോധിച്ചു. കവര്‍ച്ചചെയ്ത ഏഴുകിലോയോളം സ്വര്‍ണം ബാഗില്‍ കണ്ടെത്തി. രണ്ടു നാടന്‍തോക്കും കഠാരയും അഞ്ചു കയ്യുറയും ഒരു ചെറിയ കത്രികയും ബാഗിലുണ്ടായിരുന്നു. ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഷിജോ മാത്യുവിനെ ജില്ലാ പോലീസ് സൂപ്രണ്ട് രാജഗോപാല്‍ അഭിനന്ദിച്ചു. മേടയില്‍ ജോസ് മാത്യുവിന്റെയും ഷെര്‍ളിയുടെയും മകനാണ് ഷിജോ.
ഇന്നലെ ഉച്ചയ്ക്കാണ് കോട്ടയം നഗരമധ്യത്തിലെ ജുവലറിയില്‍ തോക്കുചൂണ്ടി, വെടിയുതിര്‍ത്ത് രണ്ടംഗ സംഘം ഏഴ് കിലോ സ്വര്‍ണാഭരണം കൊള്ളയടിച്ചു. കോട്ടയം സെന്‍ട്രല്‍ ജങ്ഷനിലുള്ള 'കുന്നത്തുകളത്തില്‍' ജുവലറിയില്‍ ആണ് സംഭവം അരങ്ങേറിയത്. ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതികള്‍ ജുവലറിയിലെത്തിയത്. ഇവരിലൊരാള്‍ മാനേജരോട് വള കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മുഖം പാതിമറച്ച് നില്‍ക്കുകയായിരുന്നു രണ്ടാമന്‍. മാനേജരോട് സംസാരിച്ച് നിന്നിരുന്നയാള്‍ പൊടുന്നനെ നാടന്‍തോക്ക് മാനേജരുടെ കഴുത്തില്‍ വച്ചു. ആരും അനങ്ങരുതെന്ന് ആക്രോശിച്ചുകൊണ്ട് ഇയാള്‍ തറയിലേക്ക് നിറയൊഴിച്ചു. ഇതോടെ ജീവനക്കാരും കടയില്‍ ആഭരണം വാങ്ങാനെത്തിയവരും ഭയന്നു.
ഓടിയെത്തിയ കാവല്‍ക്കാരനെ ഇവര്‍ അടിച്ചു താഴെയിട്ടു. ഈ സമയംകൊണ്ട് രണ്ടാമന്‍ മേശ ചാടിക്കടന്ന് ഷോകെയ്‌സില്‍നിന്ന് മാലകളും നെക്‌ലേസുകളും വലിച്ചെടുത്ത് ബാഗിലിട്ടു. ഏഴ് കിലോയിലേറെ സ്വര്‍ണം കൊള്ളയടിക്കാനെടുത്ത സമയം പത്ത് മിനിറ്റില്‍ താഴെ മാത്രം. കടയ്ക്കുള്ളില്‍ വെടി പൊട്ടുന്ന ശബ്ദം കേട്ട് ഫുട്പാത്തിലൂടെ നടന്നുപോയവര്‍ ഗ്ലാസ്സിലൂടെ കടയ്ക്കുള്ളിലേക്ക് നോക്കിയെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടിയില്ല. പുറത്ത് കാഴ്ചക്കാരുടെ എണ്ണം കൂടിവരുമ്പോഴും അകത്ത് കവര്‍ച്ച നടക്കുകയായിരുന്നു. തൊട്ടടുത്ത കടക്കാര്‍പോലും കവര്‍ച്ചാവിവരം അറിഞ്ഞില്ല. അക്രമികള്‍ കടയ്ക്ക് പുറത്തുകടന്ന് തിരക്കിനിടയിലൂടെ ഓടി. 'കള്ളന്‍, കള്ളന്‍' എന്നുപറഞ്ഞ് ജീവനക്കാര്‍ പിന്നാലെയോടി. അക്രമികള്‍ ഗാന്ധിസ്‌ക്വയറിനടുത്തെത്തിയപ്പോഴേക്കും ജീവനക്കാരും ഏകദേശം അടുത്തെത്തി. ഉടന്‍ അക്രമികള്‍ പിന്നാലെയെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ബൈക്കില്‍ കയറി നേരെ തിരുനക്കര ക്ഷേത്രഭാഗത്തേക്ക് ഓടിച്ചുപോയി.
വിവരമറിഞ്ഞ് സമീപ കടകളിലുണ്ടായിരുന്നവരും മറ്റ് യാത്രക്കാരും കടയ്ക്കുമുന്നില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടം കണ്ട് വാഹനങ്ങള്‍ ബ്രേക്ക് ചെയ്തതോടെ നഗരത്തിലെ ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ട് സി. രാജഗോപാല്‍ കടയിലെത്തി പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കി. കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയ 'കാണികളെ' നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കളക്ടറേറ്റില്‍ ചര്‍ച്ചയിലായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവരമറിഞ്ഞ് കടയിലെത്തി എസ്.പി.യുമായി ഫോണില്‍ ബന്ധപ്പെട്ട് അക്രമികളെ ഉടന്‍ പിടികൂടുന്നതിന് നിര്‍ദ്ദേശം നല്‍കി.
പ്രതികളിലൊരാളെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് തേനി തേവാരം (ഡോര്‍ നമ്പര്‍ 201) ചര്‍ച്ച് തെരുവില്‍ മുരുകേശന്‍ (28) ആണ് കുമരകത്ത് കവണാറ്റിന്‍കരയില്‍വച്ച് പിടിയിലായത്. ഇയാളില്‍നിന്ന് ഏഴ് കിലോ 16 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് പോലീസ് പിടിച്ചെടുത്തു. സംഘത്തിലെ രണ്ടാമന്‍, എറണാകുളത്ത് താമസക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി മനോജ് സേവ്യറെ (35) രാത്രി വൈകി എറണാകുളത്തുനിന്ന് പിടികൂടി. ഇയാള്‍ ഇടുക്കിയിലെ ഏലം എസ്റ്റേറ്റ് ഉടമയാണ്. കൊള്ള ആസൂത്രണംചെയ്തത് ഇയാളാണെന്നും മുരുകേശന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ രാജാപ്പാറയിലാണ് മനോജിന്റെ ഏലം എസ്റ്റേറ്റ്. ഇടുക്കിയിലെ മനോജിന്റെ എസ്റ്റേറ്റില്‍ ആറു മാസം മുന്‍പ് ജോലിക്കെത്തിയയാളാണ് മുരുകേശന്‍. മോഷണം നടന്നതിന് ശേഷം സ്വര്‍ണ്ണമടങ്ങിയ ബാഗ് മുരുകേശനെ ഏല്‍പ്പിച്ച് വൈക്കത്ത് ബസ്സിറങ്ങാന്‍ തന്നോട് നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുരുകേശന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
Comments