സ്വന്തം ലേഖകന്‍
കൊച്ചി: പറവൂരിനു പിന്നാലെ കോതമംഗലത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പെണ്‍വാണിഭസംഘങ്ങള്‍ക്കു കൈമാറിയതായി ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കോതമംഗലം നെല്ലിക്കുഴിയിലെ പതിന്നാലുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ പിതാവടക്കം മൂന്നുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴി പഞ്ചായത്തിലെ ചിറപ്പടി നാലുസെന്റ് കോളനിയിലെ നടുക്കുടി മുഹമ്മദാലി(48)യാണ് മകളെ പലര്‍ക്കായി കാഴ്ചവച്ചത്. 10 പേര്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. കോട്ടപ്പടിയില്‍ 10-ാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ക്‌ളാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ സഹപാഠി പൊലീസിന്റെ നിരീക്ഷണത്തിലാണ്.
അയിരൂര്‍പാടം ചിറങ്ങായത്ത് ബുര്‍ഖാന്‍ (20), അയിരൂര്‍പാടം നെല്ലിക്കുന്നേല്‍ ഷാഹുല്‍ (19), കുട്ടിയുടെ പിതാവ് മുഹമ്മദാലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബക്കര്‍ അടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് ഡിവൈ.എസ്.പി ടോമി സെബാസ്റ്റിയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പീഡനം തുടങ്ങിയിട്ട് 6 മാസം പിന്നിട്ടതായി പിതാവ് പറഞ്ഞു. നിര്‍ദ്ധന തൊഴിലാളി കുടുംബമാണ് ഇവരുടേത്. മുഹമ്മദാലിക്ക് ആദ്യവിവാഹത്തില്‍ രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യയിലുള്ള രണ്ടാമത്തെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. മൂത്തകുട്ടി യത്തീംഖാനയിലാണ്. രാവിലെ വീട്ടില്‍ നിന്ന് മകളുമായി ഓട്ടോറിക്ഷയില്‍ പുറപ്പെടുന്ന മുഹമ്മദാലി വീട്ടില്‍ നിന്ന് അകലെ വാഹനവുമായി കാത്തുനില്‍ക്കുന്നവര്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു പതിവ്.
മിക്കവാറും പീഡനങ്ങള്‍ വാഹനത്തില്‍ തന്നെയാണ് നടന്നതത്രെ. 2 വാഗണര്‍ കാറുകളും ഒരു സ്‌കോര്‍പിയോയും ഇതിനായി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ കണ്ടെത്തിയിട്ടില്ല. സന്ധ്യയോടെ വീട്ടില്‍ മടങ്ങിയെത്തുന്ന കുട്ടിയില്‍ നിന്ന് പിതാവ് പണം കണക്കുപറഞ്ഞ് വാങ്ങിയിരുന്നു. 4 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തുന്നതിനായി കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനകഥ പുറംലോകം അറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ ഗര്‍ഭഛിദ്രത്തിന് ഡോക്ടര്‍മാര്‍ തയ്യാറായില്ല.
അതേസമയം പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ സി.പി. എമ്മിന്റെ എറണാകുളം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിനെ ഇന്നലെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി തിരുവനന്തപുരത്ത് കൊണ്ടുവന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു പറയുന്ന തമ്പാനൂരിലെ ലോഡ്ജിലാണ് ഇന്നലെ ഉച്ചയോടെ കൊണ്ടുവന്നത്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. പെണ്‍കുട്ടിയെ കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ പ്രദേശങ്ങളില്‍ വച്ച് പീഡിപ്പിച്ചതായാണ് വിവരം. പീഡിപ്പിച്ച അന്യസംസ്ഥാനക്കാരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായ തമിഴ്‌നാട്ടിലെ കരാറുകാരന്‍ മണികണ്ഠന്റെ കാരക്കോണത്തെ ഗസ്റ്റ്ഹൗസില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്‌പേഷ്യല്‍ പൊലീസ് സി.ഐ ശക്തിവേലിനെ പിടികൂടാനായി കേരള പൊലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തുകയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് പീഡിപ്പിച്ച തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിലെ ഓവര്‍സിയര്‍ മുരുകേശനെ നേരത്തേ പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്താന്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അരോഗ്യനില മെച്ചപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണിത്.പറവൂര്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ വന്‍ തോതില്‍ ബ്ലാക്ക് മെയിലിങും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍തന്നെയാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതെന്ന് വ്യക്തമായി. കേസില്‍ ഇടതുസംഘടനാ നേതാവായ എല്‍ദോ കെ. മാത്യുവിനേയും പ്രതി ചേര്‍ക്കുന്നതിന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. അതേസമയംകേസുമായി ബന്ധപ്പെട്ട് വ്യാപകമായ ബ്ലാംക്ക്‌മെയിലിംഗ് നടക്കുകയാണെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ ചില പ്രതികളില്‍ നിന്നുതന്നെയാണ് ഇതുസംബന്ധിച്ച ൂചന ലഭിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍ .
പെണ്‍കുട്ടിക്കൊപ്പമുളള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. അല്ലെങ്കില്‍ പണം നല്‍കണം. പറവൂര്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്ന് 155 ചിത്രങ്ങള്‍ ലോക്കല്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചില ഇടപാടുകാരുടെ നഗ്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇടപാടുകാരെയും പറവൂര്‍ പെണ്‍കുട്ടിയേയും ഒരുമിച്ച് നിര്‍ത്തി മൊബൈലില്‍ ഫോട്ടോയെടുക്കുന്നത് പിതാവ് സുധീറിന്റെ പതിവായിരുന്നു. അന്യസംസ്ഥാനങ്ങളിലെ ലോഡ്ജ് മുറികളിലും ഹോട്ടല്‍ മുറികളിലുംവെച്ചാണ് ഈ ചിത്രങ്ങളത്രയും പകര്‍ത്തിയത്. പെണ്‍വാണിഭ റാക്കറ്റിലെ മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് കാണിച്ചാണ് ചില പ്രതികളെ സുധീര്‍ ഭീഷണിപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പെണ്‍വാണിഭ റാക്കറ്റിന് വഴങ്ങിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ ഇന്‍ര്‍ നെറ്റില്‍ പരസ്യപ്പെടുത്തി ജീവിതം നശിപ്പിക്കുമെന്ന് സുധീര്‍തന്നെ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടിതന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
തന്റെ ശരീരം കൊത്തിപ്പറിച്ചവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും പറവൂര്‍ പെണ്‍കുട്ടിയെന്ന് വിളിപ്പേര് വീണ ആ പതിനാറുകാരി ഒന്നുമറിയുന്നില്ല. ജുവനൈല്‍ ഹോമിലെ കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുകയാണിവള്‍. പക്വതയെത്തും മുന്‍പേ പീഡനത്തിന്റെ കൂരമ്പുകളേറ്റ് മെയ്യും മനവും തളര്‍ന്ന പെണ്‍കുട്ടി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് മടങ്ങിവരികയാണ്. അവള്‍ക്കിന്ന് താങ്ങും തണലുമാകുന്നത് ജുവനൈല്‍ ഹോമിലെ അധികൃതരുടെ സ്‌നേഹ സാമീപ്യമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ഇവിടെ എത്തിക്കുമ്പോള്‍ പെണ്‍കുട്ടി തികച്ചും അവശയായിരുന്നു; മാനസികമായും ശാരിരികമായും. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയും കൗണ്‍സലിങ്ങും വഴി കുട്ടിയുടെ നില ഏറെ മെച്ചപ്പെട്ടതായി അധികൃതര്‍ പറയുന്നു. കനത്ത സുരക്ഷിതത്വത്തിലാണ് പെണ്‍കുട്ടിയെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാന്‍ ബന്ധുക്കളായി ആകെ എത്തിയത് ഇളയമ്മയും കുഞ്ഞനുജനും മാത്രം. ജുവനൈല്‍ ഹോമിന്റെ ഏകാന്തതകളില്‍ നാട്ടുവിശേഷങ്ങളുടെ ആശ്വാസവുമായി ഇളയമ്മയാണ് വല്ലപ്പോഴും എത്തുന്നത്.
സ്‌നേഹം വറ്റാത്ത മനസ്സില്‍ ഇപ്പോള്‍ മോഹം ഒന്നുമാത്രം. അനുജനെ ഒന്നു കാണണം. പിന്നെ നാട്ടില്‍ പോയി പഠനം തുടരണം. ഈ ആഗ്രഹം കുട്ടി അധികൃതരെ അറിയിച്ചിട്ടുണ്ട്. സ്വന്തം മകളെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കുകയും വില്പനച്ചരക്കാക്കുകയും ചെയ്ത് ജയിലിലായ അച്ഛന്‍ സുധീര്‍ ഈ കുട്ടിക്ക് പൊള്ളുന്ന ഓര്‍മയാണ്. സ്വന്തം വീട്ടിലിപ്പോള്‍ അമ്മയും അനുജനും മാത്രം. കേസുമായി ബന്ധപ്പെട്ട് അമ്മയും നേരത്തെ അറസ്റ്റിലായിരുന്നതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. എങ്കിലും പെണ്‍കുട്ടി ചിലസമയം വീട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ ഡോര്‍മിറ്ററിയില്‍ മറ്റു കുട്ടികള്‍ക്കൊപ്പമാണ് ഈ പെണ്‍കുട്ടിയും കഴിയുന്നത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി നിരന്തരമായ കൗണ്‍സലിങ്ങിലൂടെ പഴയ സ്ഥിതിയിലേക്കെത്തുകയാണെന്ന് സംരക്ഷണ ചുമതലയുള്ളവര്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. കുട്ടിക്ക് ജുവനൈല്‍ ഹോമില്‍ പ്രത്യേക പോഷകാഹാരങ്ങളും പരിചരണവും നല്‍കിവരുന്നു.
ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന, പ്രതികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ കുട്ടി തിരിച്ചറിയുന്നുണ്ട്. മൂന്നാറില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ കരണത്തടിച്ചയാളെയും കഴിഞ്ഞ ദിവസം പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ''ഈ ചേട്ടന്‍ മാത്രമാണ് എന്നെ ഉപദ്രവിക്കാതെ പോയത്'' എന്ന് പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു. സ്വന്തം അച്ഛന്‍ തന്നെയാണ് മകളെ കൊണ്ടുവന്നിരിക്കുന്നതെന്ന് അറിഞ്ഞപ്പോഴുണ്ടായ ധാര്‍മിക രോഷത്തിലായിരുന്നു ഇയാള്‍ ഇത് ചെയ്തത്. പീഡനത്തില്‍ പങ്കാളിയല്ലാത്ത ഇയാളെ പോലീസ് വെറുതെ വിടുകയും ചെയ്തു. തിരിച്ചറിയാന്‍ കൊണ്ടുവന്നവരില്‍ ഒരാള്‍ 'എന്നെ കുടുക്കാന്‍ നോക്കുന്നോ' എന്ന് ചോദിച്ച്കുട്ടിയോട് തട്ടിക്കയറിയ സംഭവവുമുണ്ട്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
തുടര്‍ന്നു പഠിക്കണമെന്നാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. താമസം ഇവിടെത്തന്നെ തുടരുകയാണെങ്കില്‍ എറണാകുളത്തെ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനം ഏര്‍പ്പാടാക്കാനാണ് അധികൃതരുടെ തീരുമാനം. 18 വയസ്സായാല്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും പെണ്‍കുട്ടിയെ കാണിക്കാറില്ല. പേജുകള്‍ മാറ്റിയ ശേഷമാണ് പത്രം കൊടുക്കുക. ടിവിയില്‍ സിനിമ കാണിക്കുമെങ്കിലും വാര്‍ത്ത കാണിക്കാറില്ല. കുട്ടിയുടെ മാനസിക നില മോശമാകാതിരിക്കാന്‍ വേണ്ടിയാണിത്. കഴിഞ്ഞ ദിവസം ഒരു ചാനലുകാര്‍ ജുവനൈല്‍ ഹോമിന് പുറത്ത് പെണ്‍കുട്ടിയുടെ അഭിമുഖമെടുത്തിരുന്നു. ഇത് കുട്ടിക്ക് ഏറെ മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. അതിനാല്‍ കുട്ടിയെ താമസിപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഹോമിനെ കുറിച്ചുള്ള വിവരം പുറത്തറിയിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.
Comments