സ്വന്തം ലേഖകന്‍
യൂറോപ്പിലെ എറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലേക്ക് സാമ്പത്തിക മാന്ദ്യം കടന്നുകയറാന്‍ ഒരുങ്ങുന്നുവെന്നു സൂചന. ഗ്രീസിനും അയര്‍ലന്‍ഡിനും പോര്‍ചുഗലിനും പിന്നാലെ ഇറ്റലിയും കൂടി തകരുന്നതോടെ യൂറോസോണിന്റെ സാമ്പത്തികാവസ്ഥ ആകെ തകിടംമറിയുമെന്നാണു ഭീതി. അങ്ങനെയെങ്കില്‍ ബ്രിട്ടന് അത് വലിയ തലവേദനയാകും. കുറഞ്ഞത് 43 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഇതു മൂലം ബ്രിട്ടനുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് കണക്കുകൂട്ടുന്നു.
ഇറ്റാലിയന്‍ സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കും 7.9 ബില്യണ്‍ പൗണ്ട് നഷ്ടം വരും. ഇറ്റാലിയന്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ 5.7 ബില്യണ്‍ പൗണ്ട് കൂടി ഇവര്‍ക്കു നഷ്ടമാകും. ഇറ്റാലിയന്‍ കമ്പനികള്‍ പൂട്ടിയാല്‍ ബ്രിട്ടനിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 29.2 ബില്യണ്‍ പൗണ്ട് നഷ്ടമാകുമെന്നും ബാങ്ക് കണക്കു കൂട്ടുന്നു. ഇന്ന് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും.
യൂറോസോണ്‍ യോഗം ഇന്നലെ തുടങ്ങി. ബ്രിട്ടന്‍ അതില്‍ അംഗമല്ലാത്തതിനാല്‍ ക്ഷണിച്ചിട്ടില്ല. ഗ്രീസിനു പ്രത്യേക ബെയ്‌ല്‍ ഔട്ട് പാക്കേജ് കൊണ്ടുവരുന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ച. ഗ്രീസിന്റെ സാമ്പത്തികാവസ്ഥ രക്ഷപ്പെടുത്തിയാല്‍ മേഖലയിലാകെ ആത്മവിശ്വാസം വര്‍ധിക്കുമെന്നാണ് ബ്രിട്ടന്റെ ധനകാര്യവകുപ്പും കരുതുന്നത്. എന്നാല്‍, ഇറ്റലിയുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഇവലൂഷന്‍ സെക്യൂരിറ്റീസിന്റെ ഫിക്‌സ്‌ഡ് ഇന്‍കം വിഭാഗം തലവന്‍ ഗാരി ജെങ്കിന്‍സ് പറഞ്ഞു. ഇറ്റലിയുടെ കടം ഇപ്പോള്‍ 1.6 ട്രില്യണ്‍ യൂറോയാണ്. ഇത് വലിയതുകയാണെന്ന് ജെങ്കിന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ മിലാന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 3.4% ഇടിഞ്ഞു. നിരവധി കമ്പനികളുടെ മൂല്യത്തില്‍ കനത്ത ഇടിവാണ് ഇതുവഴിയുണ്ടായത്. സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി ഉയര്‍ന്നു. സാമ്പത്തികാവസ്ഥയിലുള്ള ആത്മവിശ്വാസക്കുറവാണ് ഇതു കാണിക്കുന്നത്. ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ തകര്‍ന്നപ്പോള്‍ മെച്ചപ്പെടുത്താനുള്ള പൊതുഫണ്ടിലേക്ക് ബ്രിട്ടന്‍ 12.5 ബില്യണ്‍ പൗണ്ട് നല്‌കിയിരുന്നു.
ഗ്രീസിനു രണ്ടാംവട്ട സഹായത്തിനു ശ്രമം നടത്തിയപ്പോള്‍ ബ്രിട്ടന്‍ സഹകരിച്ചതുമില്ല. കഴിഞ്ഞമാസം ഇറ്റലിയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്‌ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റോം 40 ബില്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറയ്‌ക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Comments