സ്വന്തം ലേഖകന്‍
ആലപ്പുഴ: 'ഇങ്ങനെ ചെയ്യണമെന്നു കരുതിയതല്ല, പെട്ടെന്ന് എന്താണു സംഭവിച്ചതെന്ന് അറിയില്ല, നഴ്‌സിംഗ് വിദ്യാര്‍ഥിയായ ഭാര്യയെ വെട്ടിക്കൊന്നകേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനോടു കരഞ്ഞുകൊണ്ടുപറഞ്ഞത് ഇങ്ങനെയാണ്. ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോ പൊലീസ് കാണിച്ചപ്പോഴും പ്രതിക്കു കരച്ചിലടയ്ക്കാനായില്ല. പള്ളിപ്പാട്ട് നടുവട്ടം പുളിമൂട്ടില്‍ എബിയാണ് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്. ഷീബയ്ക്കു ജൂനിയര്‍ വിദ്യാര്‍ത്ഥിയായ നിയാസ് ഇസ്മയിനോടുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ എബി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല കൊലപാതകമെന്നും മുറിയില്‍ ഒപ്പം കഴിയവെ ഭാര്യ മറ്റൊരാള്‍ക്ക് എസ്എംഎസ് അയച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
എബി ഒപ്പം കിടക്കാന്‍ ചെന്നപ്പോള്‍ ഷീബ താല്‍പര്യമില്ലായ്മ കാണിക്കുകയും ഈ സമയംതന്നെ എസ്എംഎസ് അയയ്ക്കുകയും ചെയ്തു. ഷീബ വിദ്യാര്‍ഥിക്ക് അയച്ച എസ്എംഎസുകള്‍ വീണ്ടും വായിക്കാനിടയായതിലെ പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. സംഭവം നടന്ന മൂന്നിന് വീട്ടില്‍നിന്നു പോയ എബി മാതാപിതാക്കളായ തങ്കച്ചനെയും അമ്മിണിയെയും കാണുന്നത് ഇന്നലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു. അവരുടെകൂടി സാന്നിധ്യത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ഷീബയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്ത ശേഷമായിരുന്നു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്.
ബംഗളൂരുവില്‍ എം.എസ്‌സി. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ തൊടുപുഴ സ്വദേശിനിയും ജയ്പൂരില്‍ സ്ഥിരതാമസക്കാരിയുമായ ഷീബയും ബിലാസ്പൂരില്‍ താമസിക്കുകയായിരുന്ന എബിയും 2009 ജനുവരി 18നാണ് വിവാഹിതരായത്. തുടര്‍ന്ന് 16 മാസത്തിനു ശേഷം കഴിഞ്ഞ മേയ് 15 നാണ് എബി നാട്ടില്‍ തിരിച്ചെത്തിയത്. ഷീബ 24 നെത്തി. പാലക്കാട്ടുള്ള ജൂനിയര്‍ വിദ്യാര്‍ഥിയുമായി ഷീബ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനെച്ചൊല്ലി എബി ജൂണ്‍ രണ്ടിനു രാത്രി വഴക്കുണ്ടാക്കി. എന്നിട്ടും ഷീബ വീണ്ടും നിയാസിനു ഫോണ്‍സന്ദേശങ്ങള്‍ അയച്ചു. എബി ഫോണ്‍ പിടിച്ചെടുത്ത് സന്ദേശങ്ങള്‍ വായിച്ചു. പ്രശ്‌നം ഷീബയുടെ തൊടുപുഴയിലുള്ള അമ്മാവന്‍ ഐസക് മാത്യുവിനെ അറിയിക്കാന്‍ എബി തീരുമാനിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ഊണിനു ശേഷം ഇരുവരും മയങ്ങാന്‍ കിടന്നു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷീബ വിസമ്മതിച്ചതോടെ എബി അടുക്കളയില്‍നിന്നും വെട്ടുകത്തിയെടുത്ത് ഷീബയെ വെട്ടിക്കൊല്ലുകയായിരുന്നു.
വൈകിട്ട് ആറുമണിയോടെ ബൈക്കില്‍ ആര്‍.കെ. ജംഗ്ഷനിലെത്തി. ബൈക്ക് അവിടെ ഉപേക്ഷിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാകുളം വഴി ഗുരുവായൂരിലെത്തി. അവിടെ റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ മൂന്നിനു റെയില്‍വേ പൊലീസ് അന്വേഷിച്ചപ്പോള്‍ ഇന്‍ഡോറില്‍ പോകാനാണെന്നു പറഞ്ഞു. ഗുരുവായൂരില്‍ നിന്നും ഇന്‍ഡോറിന് ട്രെയിനില്ലെന്നു പറഞ്ഞപ്പോള്‍ വീണ്ടും എറണാകുളം സൗത്തിലെത്തി. അവിടെനിന്ന് ഇന്‍ഡോറിലേക്കുളള ട്രെയിനില്‍ കയറി നാഗ്പൂരില്‍ ഇറങ്ങി. അവിടെ നിന്നും ചെന്നൈ മെയിലില്‍ തിരികെ വരുമ്പോള്‍ രാവിലെ എട്ടിന് കോട്ടയത്തു വച്ച് പൊലീസ് പിടിയിലാകുകയായിരുന്നു.
അടുത്തകാലത്ത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും പിന്നില്‍ മൊബൈല്‍ ഫോണുകള്‍ക്കും അവയില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കും പങ്കുണ്ട്. ട്രെയിന്‍യാത്രയ്ക്കിടയില്‍ പുഴയില്‍ വീണു മരിച്ച എന്‍ഐടി അധ്യാപിക ഇന്ദുമുതല്‍ ചെങ്ങന്നൂരിലെ വിദ്യാര്‍ഥി അജിത് വരെ ആ പട്ടിക നീളുകയാണ്. ചെങ്ങന്നൂരില്‍ വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള അസാധാരണമായ ബന്ധത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ കഴിഞ്ഞമാസം ജീവന്‍ പൊലിഞ്ഞത് വിദ്യാര്‍ഥിക്കെങ്കില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഹരിപ്പാട് പള്ളിപ്പാട്ട് നഴ്‌സിങ് വിദ്യാര്‍ഥിനിയും ജൂനിയര്‍ വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ജീവനാണു നഷ്ടപ്പെട്ടത്. അടുത്തകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഈ രണ്ടു സംഭവങ്ങളിലും കുടുംബിനിയും വിദ്യാസമ്പന്നയുമായ യുവതിയും വിദ്യാര്‍ഥിയായ ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധമാണു തെറ്റായ വഴിയിലേക്കു തിരിഞ്ഞത്.
ചെങ്ങന്നൂരില്‍ എന്‍ജിനീയറിങ് കോളജ് അധ്യാപികയും അതേ കോളജിലെ വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം അധ്യാപികയുടെ കുടുംബത്തിന്റെ സമാധാനത്തെ പിടിച്ചുലച്ചു. തകര്‍ച്ചയുടെ വക്കിലായ കുടുംബത്തിന്റെ എരിതീയിലേക്ക് ആരൊക്കെയോ മനഃപൂര്‍വം എണ്ണയൊഴിക്കാനും ശ്രമിച്ചു. അതിന്റെ ഫലമായി ഭാര്യയുടെ ഫോണ്‍ കോളുകളുടെ ചരിത്രം മുഴുവന്‍ ഭര്‍ത്താവിന് ഇ മെയില്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കള്‍ ഭീഷണിപ്പെടുത്താനോ മറ്റോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുമ്പോഴാണ് വിദ്യാര്‍ഥി ഇറങ്ങിയോടി ട്രാക്കില്‍ ട്രെയിനു മുന്നില്‍ അകപ്പെട്ട് ജീവിതം നഷ്ടപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിനിടയില്‍ നുഴഞ്ഞുകയറാന്‍ ഭാര്യയുടെ കോളജിലെ വിദ്യാര്‍ഥിക്കു കഴിഞ്ഞത് കുടുംബജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണമാകാമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ബന്ധം തകരാന്‍ പ്രധാന കാരണമായി പറയുന്നതു മൊബൈല്‍ ഫോണിന്റെ ഉപയോഗവും. കോളജില്‍ പതിവില്‍ കവിഞ്ഞ അടുപ്പം വിദ്യാര്‍ഥിയുമായി ഉണ്ടായിരുന്നതിനു പുറമെ വീട്ടില്‍വച്ചു മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെടുകയും എസ്എംഎസുകള്‍ അയക്കുകയും ചെയ്തിരുന്നു.
എസ്എംഎസ്‌കൊലയാളിയായപ്പോള്‍ഹരിപ്പാട്ട് കഴിഞ്ഞ മൂന്നിന് നഴ്‌സിങ് വിദ്യാര്‍ഥിനി ഷീബയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് എബ്രഹാം ടി. വര്‍ഗീസ്(എബി)നെ എത്തിച്ചതിനു പിന്നിലും കുടുംബത്തിനു പുറത്തേക്കുനീണ്ട ബന്ധമാണെന്നു പൊലീസ് പറയുന്നു. ഭാര്യ ഷീബ ബാംഗ്ലൂരില്‍ എംഎസ്‌സി നഴ്‌സിങ്ങിനു പഠിക്കുന്ന സ്ഥാപനത്തിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായി പുലര്‍ത്തിയിരുന്ന ബന്ധം എബി മനസ്സിലാക്കിയത് ഷീബയുടെ അസാധാരണമായ പെരുമാറ്റത്തിലൂടെയും അവര്‍ അയച്ച എസ്എംഎസ് സന്ദേശങ്ങളിലൂടെയുമാണത്രെ. എബിയോട് താന്‍ കിടക്കുന്ന കട്ടിലില്‍നിന്നു മാറിക്കിടക്കാന്‍ ഷീബ ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയ എബി, പുതപ്പിനുള്ളില്‍ എസ്എംഎസ് അയയ്ക്കുന്ന ഭാര്യയെയാണു കണ്ടതെന്നു പൊലീസ് പറയുന്നു. എസ്എംഎസുകള്‍ രഹസ്യമായി വായിച്ചതിനെത്തുടര്‍ന്നാണ് എബി ഷീബയെ വെട്ടിക്കൊലപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം വിദേശത്തേക്കു പോയ എബി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലെത്തിയത്. ഒരാഴ്ച മാത്രം ലഭിച്ച ഭര്‍ത്താവിന്റെ സ്‌നേഹവും പരിചരണവും ഒന്നര വര്‍ഷമെന്ന നീണ്ട ഇടവേളയ്ക്കുള്ളില്‍ മറ്റൊരാളില്‍നിന്നു ലഭിച്ചപ്പോള്‍ ഷീബ അവിടേക്കു ചാഞ്ഞതാകാമെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞനും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം അസി. പ്രഫസറുമായ ഡോ. അരുണ്‍ ബി. നായര്‍ പറയുന്നു. കുട്ടികള്‍ കണ്ടുവളരുന്ന സാഹചര്യമാണ് അവരുടെ മനസ്സിനെ സ്വാധീനിക്കുക. മാതാപിതാക്കള്‍ ഏതെങ്കിലും രീതിയില്‍ വഴിവിട്ട ജീവിതമാണു നയിക്കുന്നതെങ്കില്‍ അതു കുട്ടിയെ സ്വാധീനിക്കും. മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും മൊബൈല്‍ ഫോണും നല്‍കുന്ന കഥകളും ദൃശ്യങ്ങളും കുട്ടിക്കാലത്തുതന്നെ മനസ്സിനെ ബാധിക്കുന്നുണ്ട്.
പലപ്പോഴും വിവാഹ ബന്ധത്തിനു പുറത്ത് ബെസ്റ്റ് ഫ്രണ്ട് എന്ന തസ്തിക കൂടി എല്ലാവരും സൂക്ഷിക്കുന്നുണ്ട്. ഇവരോട് മൊബൈല്‍ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും കുടുംബജീവിതത്തിലെ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തും. പലപ്പോഴും ജീവിത പങ്കാളിക്കുപോലും അറിയാത്ത കാര്യങ്ങള്‍ ഇവര്‍ക്ക് അറിയാം. കൗമാരക്കാരനായ വിദ്യാര്‍ഥിയാകട്ടെ, അവര്‍ പറയുന്ന കാര്യങ്ങള്‍ക്കു വില കല്‍പിക്കുന്ന ആരുമായും അടുക്കും. ഏതു സാഹചര്യത്തിന്റെയും രണ്ടു വശങ്ങളെപ്പറ്റി കൗമാരക്കാര്‍ ചിന്തിക്കാറില്ല. തങ്ങളോടു താല്‍പര്യം കാട്ടുന്ന എല്ലാവരോടും അവര്‍ അടുക്കും. പ്രത്യാഘാതങ്ങളെപ്പറ്റി അവര്‍ ചിന്തിക്കാറില്ല.രണ്ടു സംഭവങ്ങളിലും പറ്റിയത്, ഭര്‍ത്താവുമായി ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളോടു പോലും ഇത്തരക്കാര്‍ക്കു പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ്. ഇതു കാരണം വിവാഹത്തിനു പുറമേയുള്ള ബന്ധങ്ങള്‍ക്ക് ഇവര്‍ അറിയാതെ തന്നെ വഴങ്ങിക്കൊണ്ടിരിക്കും. എന്തെങ്കിലും കുറ്റപ്പെടുത്തലുകള്‍ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുണ്ടായാലുടന്‍ അവര്‍ തെറ്റായി ചിന്തിക്കും. മൊബൈല്‍ ഫോണ്‍ വന്നതോടെ ആരുമായും പെട്ടെന്ന് ആശയവിനിമയം നടത്താനും ബന്ധം ആരും അറിയാതെ രഹസ്യമായി തുടര്‍ന്നുകൊണ്ടു പോകാനുംകഴിയും.
Comments