സ്വന്തം ലേഖകന്‍
തൃശൂര്‍: വിവാഹം ഉറപ്പിച്ച ശേഷമുള്ള ആറുമാസം പ്രണയിക്കുകയായിരുന്നു സജിതും റീജയും. ഒടുവില്‍ അവശേഷിച്ചതും അതുമാത്രം. കുന്നംകുളത്ത് ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ നാലുപേരുടെ മരണത്തിനിടയാക്കിയ ഇരട്ട കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍ എന്നെന്നേക്കുമായി വേര്‍പിരിഞ്ഞ റീജയുടെ ഓര്‍മകളില്‍ നിന്നും സജിത് വിമുക്തനാകുന്നതേയില്ല. ആശുപത്രിയുടെ അടച്ചിട്ട വാതിലിനപ്പുറം റീജയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജിത് കൂട്ടുകാരോട് സംസാരിച്ചിരുന്നത്. തൃശൂര്‍ ദയ ആശുപത്രിയിലെ ട്രോമ ഐസിയുവില്‍ വേദന കടിച്ചമര്‍ത്തി കിടക്കുമ്പോള്‍ പച്ച വേഷധാരികളായ നഴ്‌സുമാരോടൊക്കെ സജിത്ത്, റീജയെ അന്വേഷിച്ചു. വലതു കാലിനും തലയ്ക്കും പരുക്കേറ്റു കിടക്കുന്ന സജിത്തിനോട് പ്രിയപ്പെട്ടവള്‍ വേര്‍പെട്ടു പോയി എന്നു പറയാന്‍ അവര്‍ക്കു ധൈര്യം വന്നില്ല.
ഒടുവില്‍ സജിത്തിന്റെ കൂട്ടുകാരായ തോമസും ഗസലും രണ്ടും കല്‍പിച്ച് അകത്തു കയറി.പതിയെ ആ കൈപിടിച്ചു സത്യം അറിയിച്ചു. 'സജിത്തിന്റെ റീജ ഇനി വരില്ല. അവള്‍ എവിടേക്കു പോകാന്‍? അപകടത്തിനു ശേഷം റീജയുടെ ബാഗില്‍ തന്റെ പഴ്‌സും സാധനങ്ങളും വച്ച ശേഷമാണ് ഓട്ടോറിക്ഷയ്ക്കായി കാത്തു നിന്നത്. അപ്പോഴവള്‍ക്കപ്പോള്‍ നെറ്റിയില്‍ നേരിയ മുറിവേ ഉണ്ടായിരുന്നുള്ളു. പിന്നീടെന്തു സംഭവിച്ചു? കുന്നംകുളം - പട്ടാമ്പി റോഡില്‍ ചാക്കുണ്ണി അയ്യപ്പന്‍ ഇറക്കത്തില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞു കയറി പരുക്കേറ്റ പഴഞ്ഞി അരുവായ് സജിത്ത്, ഒപ്പം അപകടത്തില്‍പ്പെട്ടു മരിച്ച ഭാര്യ റീജയെക്കുറിച്ച് അന്വേഷിക്കുന്നതു കരളുരുക്കുന്ന കാഴ്ചയായി. ഇക്കഴിഞ്ഞ പതിനെട്ടിനായിരുന്നു ഇവരുടെ വിവാഹം.
സ്വര്‍ണപ്പണിക്കാരനായ സജിത്തിന്റെയും ടിടിസി പൂര്‍ത്തിയാക്കി ജോലി അന്വേഷണത്തിലായിരുന്ന റീജയുടെയും വിവാഹ നിശ്ചയം ആറു മാസം മുന്‍പായിരുന്നു. ശനിയാഴ്ച വൈകിട്ടു നാലോടെയാണു തൃശൂരിലേക്കു ബൈക്കില്‍ ഇരുവരും പുറപ്പെട്ടത്. സജിത്തിനു കൂട്ടുകാരന്‍ തോമസിനെ കാണണമായിരുന്നു. പിന്നെ ചെറിയൊരു ഷോപ്പിങ്ങും പൂരം പ്രദര്‍ശനം കാണലും. പക്ഷേ ഇവിടെയെത്തിയപ്പോഴാണു പൂരം പ്രദര്‍ശനം സമാപിച്ച വിവരം അറിയുന്നത്. തോമസിനെ കണ്ടു. ഷോപ്പിങ് നടത്തി. പൂങ്കുന്നത്തുനിന്ന് ഇരുവരും ഭക്ഷണം കഴിച്ചു. കാണിപ്പയ്യൂരെത്തിയപ്പോഴേക്കും മഴ വില്ലനായി എത്തി. അവിടെ പീടികത്തിണ്ണയില്‍ ഏറെ നേരം മഴ മാറുന്നതു കാത്തു നിന്നു. ഇവര്‍ മടങ്ങി വരാന്‍ വൈകിയതോടെ ജ്യേഷ്ഠന്‍ അജിത്ത് സജിത്തിനെ വിളിച്ചു.മഴ അല്‍പം തോര്‍ന്നാല്‍ ഉടന്‍ വരുമെന്നായിരുന്നു മറുപടി. അവിടെ തനിച്ചു നില്‍ക്കേണ്ട, മറ്റു വല്ല വാഹനവും വിളിച്ചവിടേക്ക് അയയ്ക്കാമെന്നു പറഞ്ഞപ്പോഴും സ്‌നേഹപൂര്‍വം സജിത്ത് നിരസിക്കുകയായിരുന്നു. മഴ തോര്‍ന്നതോടെ ഇവര്‍ വീട്ടിലേക്കു തിരിച്ചു.
ചാക്കുണ്ണി അയ്യപ്പന്‍ ഇറക്കത്തു വച്ച് അപകടം സംഭവിച്ചു. റീജയ്ക്കു നെറ്റിയില്‍ നേരിയ പരുക്കേ ആദ്യം ഉണ്ടായിരുന്നുള്ളു. സജിത്തിനും കാര്യമായ പരുക്ക് ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലാക്കുന്നതിനായി കാത്തു നില്‍ക്കുന്നതിനിടെയാണു കാലന്റെ രൂപത്തില്‍ ട്രെയിലര്‍ പാഞ്ഞെത്തിയത്.റീജയുടെ മരണവിവരം അറിഞ്ഞതോടെ സജിത്ത് കൂടുതല്‍ അസ്വസ്ഥനായി. തുടര്‍ന്നു ഡോക്ടര്‍മാര്‍ മരുന്നു കൊടുത്തു മയക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം സജിത്ത് മയക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ തോമസ് അടുത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലേക്കു കൊണ്ടു പോകുന്ന റീജയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കു കാണണമോ എന്നു ചോദിക്കാനായിരുന്നു അത്. ചിരിക്കുന്ന മുഖത്തോടെ, ജീവനോടെയല്ലാതെ റീജയെ കാണാന്‍ കഴിയാത്ത സജിത്ത് പൊട്ടിക്കരഞ്ഞു കൊണ്ടതു വിലക്കി. 'എന്റെ മനസ്സില്‍ അവളുടെ ചിരിക്കുന്ന മുഖം മാത്രമേയുള്ളൂ, അത് അങ്ങനെ തന്നെ ഇരിക്കട്ടെ. മറ്റൊരു മുഖം എനിക്കു കാണേണ്ടെന്നായിരുന്നു സജിത്തിന്റെ വിതുമ്പുന്ന മറുപടി.
പഴഞ്ഞി അരുവായ് കീഴ്‌ശേരി സജിത്തിന്റെ ഭാര്യയും തിരൂര്‍ മുത്തൂര്‍ കല്ലാട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകളുമാണ് അപകടത്തില്‍ മരണമടഞ്ഞ റീജ. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പരിസരവാസിയും കോലാടി വീട്ടില്‍ ചാക്കോയുടെ മകനുമായ ജോണ്‍സണ്‍ (35), ഓട്ടോയാത്രക്കാരായ കൂറ്റനാട് കോതച്ചിറ മൂളിപ്പറമ്പ് കാണിയില്‍ വീട്ടില്‍ മുഹമ്മദ് മൊഹ്‌സിന്‍ സല്‍വാരി(50), കോതച്ചിറ വട്ടപ്പറമ്പില്‍ മുഹമ്മദ് (52) എന്നിവരാണു മരിച്ചത്. അപകടത്തില്‍ സാരമായ പരുക്കേറ്റ സജിത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തും റീജയും തൃശൂരില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി അരുവായിലേക്കു മടങ്ങുകയായിരുന്നു. മഴയില്‍ ഇവരുടെ ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ തട്ടി മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ റീജ കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു മറുവശത്ത് എത്തി.
റോഡിലേക്കു തെറിച്ചുവീണ സജിത്തിനും കാര്യമായി പരുക്കേറ്റില്ല. ലോറി നിര്‍ത്താതെ പോയി. ശബ്ദം കേട്ട് എത്തിയ സമീപവാസികളായ ജോണ്‍സണും സജിത്തിനു തൊട്ടു മുന്നില്‍ യാത്ര ചെയ്ത നിജോയും ചേര്‍ന്നു ദമ്പതികളെ എഴുന്നേല്‍പ്പിച്ചു റോഡിന്റെ വലതു വശത്ത് ഇരുത്തി. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി പല വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. ഈ സമയത്തു ചാവക്കാട്ടുനിന്ന് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്ന മൊഹ്‌സിനും മുഹമ്മദും അപകട സ്ഥലത്തെത്തി. ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ഇവര്‍ ഓട്ടോറിക്ഷ വിട്ടു നല്‍കി. സജിത്തിന്റെ ബൈക്ക് നിജോ റോഡരികിലേക്കു മാറ്റിവയ്ക്കാന്‍ ശ്രമിച്ചു. ഈ സമയം കുന്നംകുളത്തുനിന്നു വരികയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു റോഡരികില്‍ വലതു വശത്തു നിന്നിരുന്ന റീജയുടെയും ജോണ്‍സന്റെയും മുഹമ്മദിന്റെയും മൊഹ്‌സിന്റെയും ദേഹത്തേക്കു പാഞ്ഞു കയറുകയായിരുന്നു. സജിത്ത് മാത്രം രക്ഷപ്പെട്ടു. എന്നാല്‍ കാലിനും തലയ്ക്കും സാരമായ പരുക്കേറ്റു. റീജയും ജോണ്‍സണും മുഹമ്മദും തല്‍ക്ഷണം മരിച്ചു.
മൊഹ്‌സിന്‍ തൃശൂരിലെ ആശുപത്രിയിലും മരിച്ചു. കുന്നംകുളം ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം റീജയുടെ മൃതദേഹം സ്വദേശമായ തിരൂരിലേക്കു കൊണ്ടുപോയി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. കുന്നംകുളത്തു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജോണ്‍സന്റെ മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. ലിജിയാണു ഭാര്യ. ഡല്‍ഹിയില്‍നിന്നു കോഴിക്കോട്ടേക്കു കാറുകളുമായി പോവുകയായിരുന്നു ലോറികള്‍. ആദ്യം അപകടത്തില്‍പ്പെട്ട കണ്ടെയ്‌നര്‍ ലോറിയും ഡ്രൈവര്‍ അഫ്ത്തര്‍ അന്‍സാരിയെയും പൊലീസ് വളാഞ്ചേരിയില്‍നിന്നു പിടിച്ചു. രണ്ടാമത്തെലോറിയിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തു.
മുഹമ്മദിന്റെയും മൊഹ്‌സിന്റെയും മൃതദേഹങ്ങള്‍ കബറടക്കി. റുഖിയ ബീവിയാണു മൊഹ്‌സിന്റെ ഭാര്യ. മക്കള്‍: ബിയാസുദ്ദീന്‍, മുഹസുദ്ദീന്‍, മുനാസുദ്ദീന്‍, തഹ്‌സിന, ഫര്‍സിന. മരുമകള്‍: ഷമീറ. ഫാത്തിമയാണു മുഹമ്മദിന്റെ ഭാര്യ. മക്കള്‍: അബ്ദുല്‍ ബാരി, മുഫീദ, സമീദ, മുഹമ്മദ് ബാസില്‍. ജീവനെടുക്കാന്‍ ഒരുങ്ങിവന്നതുപോലെയായിരുന്നു കണ്ടെയ്‌നര്‍ ലോറികളുടെ പാച്ചില്‍. രാത്രി മഴയുണ്ടെന്നറിഞ്ഞിട്ടും നിയന്ത്രണമില്ലാതെയുള്ള ലോറികളുടെ ഓട്ടം കുന്നംകുളത്തെ കുരുതിക്കളമാക്കി. ആദ്യം വന്ന കണ്ടെയ്‌നര്‍ലോറി റീജയെ അപകടപ്പെടുത്തി പാഞ്ഞുപോയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ജോണ്‍സണെയും മുഹമ്മദിനെയും മുഹസിനെയും അപായപ്പെടുത്താന്‍ മരണമണിയുമായി രണ്ടാമത്തെ കണ്ടെയ്‌നറും എത്തി. ചെറിയ സമയങ്ങള്‍ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്.
മഴയുള്ള സമയമായതിനാലും രാത്രി ഏറെ വൈകിയതിനാലും അധികം ആളുകളൊന്നും റോഡില്‍ ഉണ്ടായിരുന്നില്ല. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരായ ഏതാനും പേരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെയെല്ലാം അതിവേഗത്തില്‍ ആശുപത്രികളിലെത്തിച്ചു. ടൗണില്‍ ഗതാഗത പ്രശ്‌നം ഇല്ലാതിരിക്കാന്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് മാറ്റിയിരുന്നു. പിന്നീട് അപകടവിവരമറിഞ്ഞ് നഗരത്തിലെ പലയിടങ്ങളില്‍നിന്നും ആളുകള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് നഗരത്തിലേക്ക് എത്തുകയായിരുന്നു.
Comments