മക്കള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സജീവമാകുന്നതിന്റെ ദുരന്തങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കൂ
സ്വന്തം ലേഖകന്‍
കുട്ടികള്‍ക്ക് ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കുന്ന അച്ഛനമ്മമാര്‍ ഇതൊന്നു മനസിലാക്കൂ. മക്കള്‍ ഓര്‍ക്കുട്ടിലേക്കും പിന്നീട് കുറേക്കൂടി വിശാലമായ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കിലേക്കും ചേക്കേറുകയാണ് ഇപ്പോള്‍. ആദ്യമൊക്കെ സ്‌കൂളിലെ പരിചയക്കാര്‍ മാത്രമാകും സുഹൃത്തുക്കള്‍. പിന്നീടു സൗഹൃദങ്ങളുടെ എണ്ണം ഏറി. സിനിമാതാരങ്ങളും സെലിബ്രിറ്റികളുമൊക്കെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ക്രെയ്‌സും വര്‍ധിക്കും.
ക്ലാസ് കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങള്‍ക്കു വേണ്ടിയായി കാത്തിരിപ്പ് ആരംഭിക്കും. പഠിത്തം ഉഴപ്പാതെ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നും വരും. ഓരോ ദിവസവും ഫ്രണ്ട്‌സ് ലിസ്റ്റില്‍ പുതിയൊരാള്‍ കൂടിയെത്തുന്നതിന്റെ സന്തോഷം അടക്കിവയ്ക്കാനാവില്ല. ഇതിനിടെ ബോളിവുഡ് താരങ്ങളും മറ്റും കൂട്ടു കൂടുകയും ചാറ്റിങ്ങിന് എത്തുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങും. പിന്നീട് പലരോടും ഇതുപോലെ സംസാരിച്ചു.
എന്നാല്‍ ഇതേക്കുറിച്ച് മുതിര്‍ന്ന ഒരാളോടു പറയുമ്പോള്‍ അവിടെ നിന്നു കിട്ടിയ മറുപടി കുട്ടികള്‍ക്കു തീരെ ഇഷ്ടമാകില്ല. ഫെയ്‌സ്ബുക്കില്‍ സെലിബ്രിറ്റികള്‍ വളരെ കുറവാണെന്നും, അവര്‍ അറിയാത്തവരോടു സംസാരിക്കില്ലെന്നും പറഞ്ഞതു സ്വീകരിക്കാന്‍ കൂട്ടാക്കില്ല. താന്‍ സംസാരിച്ചവരൊന്നും യഥാര്‍ഥത്തില്‍ താരങ്ങളല്ലെന്ന ചിന്ത അവളുടെ മനസിനെ ബാധിച്ചു തുടങ്ങും. പഠനത്തില്‍ ഉഴപ്പാന്‍ തുടങ്ങുന്നതോടെ കുട്ടികളെ കൗണ്‍സിലിങ്ങിനു കൊണ്ടുപോകാന്‍ കഴിയുന്ന മാതാപിതാക്കള്‍ക്കു മക്കളെ തിരിച്ചു കിട്ടും.
എന്നാല്‍ ഇതേ പ്രശ്‌നം ഇതിനേക്കാള്‍ ഗുരുതരമായി ബാധിക്കുന്ന എത്രയോ കുട്ടികളുണ്ട് ഇവിടെ. മെട്രൊ നഗരങ്ങളില്‍ മാത്രമാണ് ഇങ്ങനെയൊരു പ്രശ്‌നമെന്നു കരുതി തള്ളിക്കളയരുത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ താരങ്ങളുടെ സൗഹൃദം പ്രതീക്ഷിക്കുകയും അവരുടെ ഫെയ്ക്ക് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിട്ടുള്ളവര്‍ വിരിക്കുന്ന വലയില്‍ കുടുങ്ങുകയും ചെയ്യുന്നവര്‍ നിരവധി. താരമാണെന്നു കരുതി സംസാരം തുടങ്ങുന്നു, പിന്നീടു പലതരം ചൂഷണങ്ങള്‍ക്കു വിധേയരാകുന്നുണ്ടെങ്കിലും പുറത്തറിയുന്നതു വിരളമായി.
മറ്റൊരു സംഭവം ശ്രദ്ധിക്കാം. സിനിമാതാരത്തിന്റെ പേരിലെത്തിയ പ്രൊഫൈലിനോട് ദിനംപ്രതി സംസാരിക്കുന്നത് ഈ പെണ്‍കുട്ടിയുടെ ശീലമായിരുന്നു. ഇതിനിടെ താരത്തിന്റെ സുഹൃത്തായ നിര്‍മാതാവ് ഇവളുമായി പരിചയപ്പെടുന്നു. ഇതിനിടെ സിനിമാതാരം ഷൂട്ടിങ്ങിന്റെ തിരക്കിലായി പെണ്‍കുട്ടിയോടു സംസാരിക്കാതാവുകയാണ്. ഇതൊന്നും കാര്യമാക്കാതെ അവള്‍ പുതിയ കൂട്ടുകാരനുമായി ചാറ്റിങ്ങും. ഇടയ്ക്ക് ചാറ്റിങ് ഉപേക്ഷിച്ച് മൊബൈല്‍ ഫോണിലേക്ക് സൗഹൃദം നീളുന്നു, ഇത് പിന്നീട് പ്രണയമാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
നിര്‍മാതാവുമൊന്നിച്ച് ഒളിച്ചോടിപ്പോവുകയാണ് പെണ്‍കുട്ടി. പോകുന്നതിനു മുന്‍പ് കൈയില്‍ കിട്ടാവുന്നത്ര കാശും സ്വര്‍ണവും എടുത്താണു യാത്രയായത്. ഇരുവരും ഒന്നിച്ച് താമസവും ആരംഭിച്ചു. എന്നാല്‍ താന്‍ പറ്റിക്കപ്പെട്ട വിവരം വളരെ പെട്ടെന്നാണ് പെണ്‍കുട്ടിക്കു മനസിലായത്. തന്നെ പ്രണയിച്ചയാള്‍ നിര്‍മാതാവല്ലെന്നും ആദ്യ സുഹൃത്ത് സിനിമാതാരമല്ലെന്നും മനസിലാക്കിയപ്പോഴേക്ക് കാമുകന്‍ കാശുമായി കടന്നുകളഞ്ഞിരുന്നു. ഇത്തരം സംഭവങ്ങളില്‍പ്പെടുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും പിന്നീട് വീട്ടിലേക്കു തിരിച്ചെത്താറില്ല എന്നതാണ് വാസ്തവം.
ആണ്‍കുട്ടികള്‍ ഇതില്‍ നിന്നു രക്ഷപെട്ടു നില്‍ക്കുന്നു എന്നു കരുതരുത്. ഇവരോട് താരങ്ങള്‍ സംസാരിക്കുക മറ്റൊരു തരത്തിലാവും. അഭിനയമോഹമില്ലാത്തവര്‍ ആരുമില്ലാത്ത സ്ഥിതിക്ക് താരത്തിനൊപ്പം ഒരു വേഷം ചെയ്യാനാവും ഇവര്‍ വീടുവിട്ടിറങ്ങുക. കാശ് പോയാലും ഒടുവില്‍ വീട്ടില്‍ തിരിച്ചെത്താന്‍ ആണ്‍കുട്ടികള്‍ ശ്രമിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രശ്‌നമാകുന്നത് താരങ്ങളോടുള്ള അന്ധമായ ആരാധനയാണ്. സീരിയല്‍ താരങ്ങളുടെ നമ്പര്‍ എന്നു കരുതി പലരോടും ഫോണില്‍ സംസാരിക്കുന്ന, ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യുന്ന വീട്ടമ്മമാര്‍ കേരളത്തിലും ചുരുക്കമല്ല.
സെലിബ്രിറ്റികളിലൊരാള്‍ ഫ്രണ്ട്‌സ് ലിസ്റ്റിലെത്തിയാല്‍ സൗഹൃദങ്ങളുടെ എണ്ണം കൂടുമെന്ന ധാരണയാണ് കുട്ടികളെ ഇത്തരം കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. ഈയിടെ നടത്തിയ സര്‍വെ കണ്ടെത്തിയ വിവരങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ നഗരങ്ങളാണ് പഠനത്തിനു തെരഞ്ഞെടുത്തത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ എണ്‍പതു ശതമാനം പേരുടെയും പ്രൊഫൈലില്‍ ഒരു ക്രിക്കറ്ററോ സിനിമാതാരമോ സുഹൃത്താണ്. നാല്‍പ്പതു ശതമാനം പേര്‍ക്ക് ഒന്നിലധികം താരങ്ങള്‍ സുഹൃത്തുക്കളായുണ്ട്. ഇനി ഇരുപത്തഞ്ചു ശതമാനം പറയുന്നത് അവര്‍ താരങ്ങളെന്നു പറയപ്പെടുന്ന പ്രൊഫൈലുകളുമായി ദിവസേന ചാറ്റ് ചെയ്യാറുണ്ടെന്നും. അത്ര എളുപ്പത്തില്‍ പ്രശ്‌നപരിഹാരം കണ്ടെത്താവുന്ന ഒന്നല്ല മേല്‍പ്പറഞ്ഞ സംഭവങ്ങള്‍.
കാരണം കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരെയും ബാധിക്കുന്ന സെലിബ്രിറ്റി ആരാധന പലപ്പോഴും കൊണ്ടെത്തിക്കുന്ന പ്രശ്‌നങ്ങള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ്. പൊലീസ് കേസുകളായി മാറുന്നില്ലെങ്കിലും ഇവയ്ക്കു പിന്നില്‍ പലപ്പോഴും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. മാതാപിതാക്കള്‍ കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്നതിലൂടെ ഒരുപരിധി വരെ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇത്തരത്തില്‍ വീടുവിട്ടു പോകുന്നതിലും കാശ് നഷ്ടപ്പെടുന്നതിലും എന്തിന് കുട്ടിയെ തന്നെ കാണാതാവുന്നതിലും കൊണ്ടെത്തിക്കുന്നത്.
മുന്‍കരുതലുകള്‍
1.ഇന്റര്‍നെറ്റ് ഒരിക്കലും സൗഹൃദത്തിനുള്ള ഉപാധിയല്ല.
2. സിനിമാതാരങ്ങള്‍ക്ക് അവരുടേതായ തിരക്കുകളുണ്ടായിരിക്കും. എല്ലാവരോടും സൗഹൃദം സ്ഥാപിക്കാനും സംസാരിക്കാനും അവര്‍ക്ക് സമയമുണ്ടാവില്ല.
3. ഇത്തരം സൗഹൃദങ്ങളുണ്ടെങ്കില്‍ അത് മുതിര്‍ന്നവരോടു പറയാന്‍ കുട്ടികള്‍ക്ക് ഒരു സ്‌പെയ്‌സ് ഉണ്ടാക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
Comments