സ്വന്തം ലേഖകന്‍
പുള്ളക്കുട്ടി പെറ്റ്ക്കിട്ടു കട്ടിക്കലാമാ... എന്നൊരു തമിഴ് പാട്ടിലെ വരിയാണ് ഓര്‍മവന്നത്. ഒന്നിച്ചു താമസിച്ച് കുട്ടികളൊക്കെയായിട്ടു വിവാഹം കഴിച്ചാല്‍ മതിയെന്നു തീരുമാനിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നു കേട്ടപ്പോഴാണ് ഈ പാട്ടിനെക്കുറിച്ചു ചിന്തിച്ചത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ലീഡര്‍ എഡ് മില്ലിബാന്‍ഡും പാര്‍ട്ണര്‍ ജസ്റ്റിന്‍ തോണ്‍ടണും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.
സ്വന്തം പങ്കാളിയുമായുള്ള അങ്ങേയറ്റത്തെ കടപ്പാടിന്റെ പ്രതീകമാണ് കുട്ടികള്‍, രണ്ടുപേരും ഒന്നിച്ചു ചേര്‍ന്നുണ്ടാക്കിയ ഒരു ജീവിതം. അതു നന്നായി സംരക്ഷിക്കേണ്ട ചുമതലയും രണ്ടുപേരിലുമുണ്ട്. എന്നാല്‍ അത് വിവാഹം കഴിക്കാതെ തന്നെ പലരും നന്നായി കൊണ്ടുപോകുന്നു. എന്നാല്‍ ചിലര്‍ കുറച്ചു വര്‍ഷത്തിനു ശേഷം വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നു. വിവാഹം കഴിക്കുന്നതു വഴി നിരവധി സാമ്പത്തികവും നിയമപരവുമായ ഗുണങ്ങളുണ്ട്. പ്രായമായവരെ ഇതിനു പ്രേരിപ്പിക്കുന്നത് പെന്‍ഷനെക്കുറിച്ചും സ്വത്ത് അന്യം നിന്നുപോകുന്നതിനെക്കുറിച്ചുമുള്ള ആശങ്കകളാണ്.
എന്നാല്‍ മില്ലിബാന്‍ഡിനേയും തോണ്‍ടണേയും പോലുള്ള ചെറുപ്പക്കാരും ഇത് തുടരുന്നു. വിവാഹം കഴിക്കുക എന്നത് ലൈംഗികത, ഒന്നിച്ചു ജീവിക്കുക, കുട്ടികളുണ്ടാവുക എന്ന സങ്കല്‍പ്പങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്നതു മാറിയിരിക്കുന്നു. നോര്‍ത്താംപ്റ്റണില്‍ നിന്നുള്ള ക്രിസ് വിവാഹം കഴിച്ചത്, കുട്ടികളോട് ആരും നിങ്ങളുടെ മാതാപിതാക്കള്‍ വിവാഹം കഴിക്കാത്തതെന്തേ എന്നു ചോദിക്കാതിരിക്കാന്‍ മാത്രമായിരുന്നു. 2008ലെ ബ്രിട്ടിഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വെയില്‍ തെളിഞ്ഞത്, വിവാഹവും ലിവിങ് ടുഗെദറും തമ്മില്‍ വലിയ വ്യത്യാസം കാണാത്തവരാണ് മൂന്നില്‍ രണ്ടു വിഭാഗം ആളുകളും എന്നാണ്.
അഞ്ചില്‍ ഒരു ഭാഗം മാത്രമാണ് ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. പകുതി പേരും പറയുന്നത് വിവാഹം കഴിക്കുന്നതിനു സമാനമായ കമിറ്റ്‌മെന്റ് കോഹാബിറ്റേഷനിലുമുണ്ടെന്നു തന്നെയാണ്. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ പേരും ട്രെഡിഷണലാവുന്നു. വിവാഹം കഴിഞ്ഞവര്‍ക്കു മാത്രമേ നല്ല മാതാപിതാക്കളാവാന്‍ കഴിയൂ എന്ന് ഇരുപത്തെട്ടു ശതമാനം വിശ്വസിക്കുന്നു. ഒരു പൊതു സമ്മതിക്കു വേണ്ടി മാത്രം വിവാഹം കഴിക്കുന്നതാണ് ഇപ്പോഴത്തെ ശീലമെന്ന് സെക്‌സ് ആന്‍ഡ് റിലേഷന്‍ഷിപ്പില്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യുന്ന സൈക്കോളജിസ്റ്റ് ഡോണ ഡാസണ്‍ പറയുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശീലമായി മാറിയ ഇത് ഇപ്പോള്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നു. ഇതിനു പ്രത്യേകിച്ചു കാരണങ്ങളില്ലെന്നു പലരും പറയുന്നുണ്ടെങ്കിലും എല്ലാത്തിനും അടിസ്ഥാനമായി എന്തെങ്കിലുമൊരു കാരണമുണ്ടെന്ന് ഉറപ്പ്. ഒരു ബന്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതാവും ചിലപ്പോള്‍. അതല്ലെങ്കില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കിയ തെറ്റായ സന്ദേശത്തിന്റെ ഫലമായിരിക്കും. ക്രിസിന്റെ വിവാഹത്തിന് ഒരിക്കല്‍പ്പോലും പങ്കാളി നിര്‍ബന്ധിച്ചിരുന്നില്ല.
ഒന്‍പതു വര്‍ഷം ഒന്നിച്ചു താമസിച്ച ശേഷമായിരുന്നു അവരുടെ വിവാഹം. അതിനു പ്രധാന കാരണം കുട്ടികള്‍ തന്നെയായിരുന്നു. കുട്ടികളുണ്ടായ ശേഷം വിവാഹം കഴിക്കുന്നവരെ ട്രെഡിഷണലിസ്റ്റുകളായിത്തന്നെ കണക്കാക്കാമെന്ന് വണ്‍ പ്ലസ് വണ്‍ എന്ന റിലേഷന്‍ഷിപ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഡയറക്റ്റര്‍ പെന്നി മാന്‍സ്ഫീല്‍ഡ് പറയുന്നു.. ഒന്നിച്ചു താസമിക്കുകയും കുട്ടികളുണ്ടാവുകയും അവരെ സംരക്ഷിക്കുകയും ചെയ്താല്‍ മറ്റുള്ളവരുടെ കണ്ണില്‍ വിവാഹിതരെപ്പോലെ തന്നെയാണ് ഇവരും.
വിവാഹം ഒരു നിയമപരമായ ഉടമ്പടിയാവുകയും വിവാഹം കഴിക്കാത്ത ദമ്പതികള്‍ തെറ്റുകാരാവുകയും ചെയ്തത് 1753ലെ ഹാര്‍ഡ്വിക് മാര്യെജ് ആക്റ്റ് പ്രകാരമാണ്. അറുപതുകളിലും എഴുപതുകളിലുമാണ് വിവാഹത്തിന്റെ സുവര്‍ണകാലം. അന്ന് വിവാഹം കഴിച്ചവര്‍ ഒന്നിച്ചു ജീവിക്കാനും സെക്‌സിനും വേണ്ടിയുള്ള പാസ്‌പോര്‍ട്ടായി വിവാഹത്തെ കണക്കാക്കി. 2009ല്‍ 2,31, 490 വിവാഹങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി രജിസ്റ്റര്‍ ചെയ്തത്. 1895നു ശേഷമുള്ള ഏറ്റവും ചെറിയ നിരക്ക്. ബ്രിട്ടനിലെ വിവാഹനിരക്ക് കുറഞ്ഞു വരുന്നു എന്നതില്‍ തര്‍ക്കമേയില്ല.
വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ഇരുപത്തൊന്നിലും പുരുഷന്മാര്‍ ഇരുപത്തിമൂന്നിലും തയാറായിരുന്നെങ്കില്‍, ഇപ്പോഴതില്‍ പത്തു വര്‍ഷം കൂടി അധികരിച്ചിട്ടുണ്ട്. ഒന്നിച്ചു താമസം, സെക്‌സ് എന്നിവ വിവാഹത്തിന്റെ ചട്ടക്കൂടില്‍ നിന്നു പുറത്ത് അംഗീകരിക്കപ്പെട്ടതാണ് കാരണം. കുട്ടികളും വീടുമൊക്കെ ആയതിനു ശേഷം ഒരു ആഘോഷത്തിനായി വിവാഹം കഴിക്കുന്നവരാണ് ഒരു കൂട്ടര്‍. ഗാര്‍ഡിയന്റെ കോളമിസ്റ്റ് സോ വില്യംസ് ആറ്ു വര്‍ഷമായി പങ്കാളിക്കൊപ്പം കഴിയുന്നു. രണ്ടു കുട്ടികളുമുണ്ട്. എന്നാല്‍ ഈ സമയത്തൊരു വിവാഹം സോ ആഗ്രഹിക്കുന്നില്ല.
സമൂഹം ഇത്തരം ജീവിതരീതിയെ അംഗീകരിക്കുമ്പോള്‍ വിവാഹത്തിനായി പതിനായിരം പൗണ്ട് ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന് സോ പറയുന്നു. വിവാഹത്തേക്കാള്‍ മഹത്തരമാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. ഒരിക്കല്‍പ്പോലും വിവാഹത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യം വന്നിട്ടില്ലെന്ന് സോ. ബിഎസ്എയുടെ സര്‍വെയില്‍ കണ്ടെത്തിയത് അന്‍പത്തിമൂന്നു ശതമാനം പേരും വിവാഹം എന്നത് ലോങ് ടേം കമിറ്റ്‌മെന്റ് എന്നതിനേക്കാള്‍ ഒരു ആഘോഷം മാത്രമായി കണക്കാക്കുന്നു എന്നാണ്.
Comments