സ്വന്തം ലേഖകന്‍
കണ്ണൂര്‍: പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും മകനും ഒളിവില്‍പോയി. അച്ഛന്‍ പീഡിപ്പിച്ച വിവരം അറിയാതെയാണ് മകനും ശ്രീകണ്ഠപുരം സ്വദേശിയായ ദളിത് പെണ്‍കുട്ടിക്കൊപ്പം രാത്രികള്‍ ചെലവഴിച്ചത്. സംഭവം പോലീസ് കേസായതോടെ ഇരുവരും ഒളിവില്‍പോവുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് അച്ഛനും മകനും എന്നത് മറ്റൊരു വൈരുദ്ധ്യം. പെണ്‍കുട്ടിക്ക് ചെറിയ തോതില്‍ മാനസിക വൈകല്ല്യവും അപസ്മാരവും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് മുതലെടുത്താണ് പ്രതികള്‍ ലൈംഗികപീഡനം നടത്തിയത്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് പരസ്പരം അറിയാതെ അച്ഛനും മകനും നടത്തിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബന്ധുക്കളായ മോഹനന്‍(48), ഇയാളുടെ മകന്‍ മഹേഷ് (22) മഹേഷിന്റെ സുഹൃത്ത് ജോയി(35) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജോയി പൊലീസ് കസ്റ്റഡിയിലാണ്. മോഹനും മകനും വേണ്ടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും നാടുവിട്ടുപോയിട്ടില്ലെന്നാണ് പൊലീസിനു കിട്ടിയ വിവരം. അച്ഛനും മകനും നാട്ടില്‍തന്നെ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റിടങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഇവരെ പിടികൂടുമെന്നും ശ്രീകണ്ഠാപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറയുന്നു.
മേയ് എഴാം തിയ്യതി മുതലാണ് തന്നെ പ്രതികള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ചെറുപ്പത്തില്‍തന്നെ അമ്മ മരിച്ച പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. അതേസമയം ലൈംഗിക പീഡനം അടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തം വീടുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനത്തിന്റെ തോതും ആശങ്കയുണര്‍ത്തും വിധം വര്‍ദ്ധിച്ചു വരുന്നു.
മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലുമാണ് ഭര്‍ത്താക്കന്‍മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍, ഇത്തരത്തിലുള്ള പീഡനം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍ നിന്നും വയനാട്ടില്‍ നിന്നുമാണ്. 2009ല്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ 3,976 പരാതികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ ഇത് 4,135 ആയിരുന്നു. 2010ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള 10,781 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട കേസുകള്‍ 4,788 ആണ്. ഇതില്‍, 2,939 പീഡന കേസുകളും 617 ബലാത്സംഗ കേസുകളും 175 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഉള്‍പ്പെടുന്നു. കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. 2010ല്‍ മാത്രം 200 പെണ്‍കുട്ടികളെ സംസ്ഥാനത്തു കാണാതായി. ഇവരത്രയും 16നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. 26നും 35നും ഇടയില്‍ പ്രായമുള്ള 105 യുവതികളെയും ഈ കാലയളവില്‍ കാണാതായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 43 മധ്യവയസ്‌കരും സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷരായിട്ടുണ്ട്.
കാണാതായ സ്ത്രീകളുടെ എണ്ണം 348 ആണ്. 2009ല്‍ 208 പേരെയും 2008ല്‍ 191 പേരെയും 2007ല്‍ 161 പേരെയുമാണ് കാണാതായത്. ഇവരില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായത്; 68 പേരെ. ഇവരില്‍ 42 പേര്‍ 16നും 25നും മധ്യേ പ്രായമുള്ളവരാണ്. രണ്ടാംസ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍നിന്നും കാണാതായ 47 സ്ത്രീകളില്‍ 30 പേരും 16നും 25നും മധ്യേ പ്രായമുള്ളവരാണ്. എറണാകുളത്തുനിന്നു കാണാതായ 35 വനിതകളില്‍ 25 പേരും കൗമാരപ്രായക്കാരാണ്. പത്തനംതിട്ടയില്‍ നിന്ന് 28 സ്ത്രീകള്‍ കാണാതായതില്‍, മൂന്നിലൊന്ന് പേരും 25 വയസ്സ് തികയാത്തവരാണ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നു പെണ്‍കുട്ടികളെ കാണാതാവുന്ന കേസുകള്‍ വളരെ കുറവാണെന്നാണു പോലിസ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2010ല്‍ കാസര്‍കോഡ്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായിട്ടുള്ളത് 150 പേരെയാണ്. ഇതില്‍ത്തന്നെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഏഴുവീതം പെണ്‍കുട്ടികളെയാണ് കാണാതായത്. 2011ല്‍ മാര്‍ച്ച് 31 വരെയായി 100 പെണ്‍കുട്ടികളെ കാണാതായിട്ടുണെ്ടന്നാണു ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക്.
മധ്യവയസ്‌കരും വൃദ്ധരുമായ 50 പേരെയും കാണാതായിട്ടുണ്ട്. 2011 മാര്‍ച്ച് 31 വരെ കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 102 ആണെന്നാണ് വനിതാ കമ്മീഷന്റെ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 72 പേരും 16നും 25നും മധ്യേ പ്രായമുള്ളവരാണ്. ഇതില്‍ 43 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 2011 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 512 ബലാല്‍സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 78 എണ്ണവും തലസ്ഥാന ജില്ലയിലാണ്. കാണാതാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും സെക്‌സ് റാക്കറ്റ് മാഫിയകളില്‍ പെട്ടവരാണെന്നു പോലിസ് കണക്കുകള്‍ പറയുന്നു.
Comments