സ്വന്തം ലേഖകന്‍
ഇനി കുട്ടികളെ ഓഫീസില്‍ കൊണ്ടുപോകാം, മുലയൂട്ടാന്‍ ഇഷ്ടംപോലെ ബ്രേക്ക് എടുക്കാം മുലകുടി മാറാത്ത കുഞ്ഞിനെ വീട്ടിലിട്ട് ജോലിക്ക് പോകുന്നതിന്റെ ടെന്‍ഷന്‍ ഇനി വേണ്ട. ബ്രിട്ടനിലെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ഓഫീസുകളില്‍ കൊണ്ടു പോകാനും ആവശ്യാനുസരണം മുലകൊടുക്കാനും സൗകര്യം ചെയ്‌തു കൊടുക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ അമ്മമാരായ ജീവനക്കാര്‍ക്ക് ചെയ്‌തു കൊടുക്കാന്‍ തൊഴില്‍ ഉടമസ്ഥര്‍ ബാധ്യസ്ഥരാകും. ഫീഡിംഗിനായി പ്രത്യേക ബ്രേക്ക് നല്‌കാനും വ്യവസ്ഥയുണ്ടാകും.
ഫാമിലി ഫ്രണ്ട്‌ലി ബ്രസ്റ്റ് ഫീഡിംഗ് പോളിസി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയത് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലിയാണ്. സ്വകാര്യ സംരംഭകരുമായും തൊഴില്‍ ദാതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വേണ്ടി വരുന്ന ചെലവുകള്‍ തുച്ഛമായിരിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍. പുതിയതായി തയാറാക്കുന്ന വൈറ്റ് പേപ്പറിലാണ് പുതിയ നിര്‍ദ്ദേശങ്ങളുള്ളത്. പൈലറ്റ് പദ്ധതി ഉടന്‍തന്നെ നടപ്പില്‍ വരുത്തിയേക്കും.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രഗ്‌നന്റ് വര്‍ക്കേഴ്‌സ് ഡയറക്ടീവ് ഈയിടെ പാസാക്കിയിരുന്നു. ശമ്പളത്തോടെ ബ്രസ്‌റ്റ്‌ഫീഡിംഗ് ബ്രേക്കുകള്‍ക്ക് അനുമതി നല്‌കുന്നതാണിത്. ഇതേക്കുറിച്ച് ഡിസംബര്‍ ആറിന് യൂറോപ്യന്‍ എംപ്ലോയ്‌മെന്റ് കൗണ്‍സിലില്‍ ചര്‍ച്ച നടക്കും. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ അംഗീകരിച്ചാല്‍ ഇത് നിയമമാകും. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക മുറിയോ സ്‌ക്രീന്‍ ഉപയോഗിച്ച് മറച്ച സ്ഥലമോ നല്‌കണമെന്നാണ് നിര്‍ദ്ദേശം. ബ്രേക്കുകള്‍ എടുക്കുന്നതിന് പ്രത്യേക സമയം അനുവദിക്കും. ഇത് ആവശ്യാനുസരണം എടുക്കാന്‍ അനുമതി നല്‌കും.
മുലപ്പാല്‍ സ്റ്റോര്‍ ചെയ്യുന്നതിനായി റഫ്രിജറേറ്റര്‍ അല്ലെങ്കില്‍ കൂള്‍ബോക്‌സ് ഓഫീസുകളില്‍ സജ്ജമാക്കണം. മുലപ്പാല്‍ കുട്ടികള്‍ക്കായി ശേഖരിക്കുന്നതിനാണിത്. സാധാരണഗതിയില്‍ അമ്മമാര്‍ മുലപ്പാല്‍ ശേഖരിച്ചുവയ്‌ക്കുന്നതിനായി 40 മിനിട്ട് വരെ സമയം ചെലവഴിക്കാറുണ്ടത്രേ. സാധാരണഗതിയില്‍ ആറു മാസം കുഞ്ഞുങ്ങളെ മുലയൂട്ടിയതിനു ശേഷമാണ് അമ്മമാര്‍ ജോലിക്കായി എത്തുന്നത്. പിതാക്കന്മാര്‍ക്കും ഇക്കാലയളവില്‍ കുഞ്ഞിനെ നോക്കാനായി അധിക അവധിയെടുക്കാം. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസുകാര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട ബിസിനസുകാര്‍ക്ക് അധിക ഭാരമാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അധിക ചെലവ് വേണ്ടി വരുമെന്നതും സ്‌ത്രീജീവനക്കാര്‍ അധികസമയം മുലയൂട്ടുന്നതിനായി ചെലവഴിക്കുമെന്നതുമാണ് തൊഴില്‍ ഉടമകളുടെ ഭയം. പുതിയതായി സ്‌ത്രീജീവനക്കാരെ നിയമിക്കുന്നതിന് ഉടമകള്‍ മടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, സ്‌ത്രീകള്‍ക്ക് കൂടുതല്‍ സ്വസ്ഥതയോടെയും സമാധാനത്തോടെയും ജോലി ചെയ്യാന്‍ പുതിയ നിയമനിര്‍ദ്ദേശം വഴിതെളിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആധി കുറയ്‌ക്കാന്‍ ഇത് വഴിതെളിക്കുമെന്നും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ ഇത് വഴിതെളിക്കുമെന്നും അവര്‍ പറയുന്നു.
ജോലിസ്ഥലത്ത് കൂടുതല്‍ പ്രസാദാത്മക അന്തരീക്ഷം വളര്‍ത്താന്‍ കഴിയുന്നതോടെ ബ്രേക്കുകള്‍ക്ക് വേണ്ടി വരുന്ന അധികസമയം നഷ്ടമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ രോഗപ്രതിരോധശേഷിയുണ്ടെന്നും പല രോഗങ്ങള്‍ക്കെതിരേയും ചെറുത്തു നില്‍ക്കാന്‍ ഇത് സഹായിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. കാന്‍സര്‍, ഡയബറ്റിസ്, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവ കുറയ്‌ക്കാന്‍ മുലയൂട്ടല്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഡയബറ്റിസ്, ബ്രസ്റ്റ് കാന്‍സര്‍, ഓവേറിയന്‍ കാന്‍സര്‍ എന്നിവ കുറവായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments